onam-kit-scam

അളവിലും ഗുണത്തിലും തട്ടിപ്പ്

തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന സൗജന്യ ഓണക്കി​റ്റുകളിലും കൈയിട്ടുവാരൽ നടന്നതായി വിജിലൻസ് കണ്ടെത്തി. തൂക്കക്കുറവും ഗുണനിലവാര കുറവും വില കൂടുതലും കണ്ടെത്താൻ 'ഓപ്പറേഷൻ കി​റ്റ് ക്ലീൻ' എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽപ്പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. സംസ്ഥാനത്താകെ 58 പാക്കിംഗ് സെന്ററുകളിലും മാവേലി സ്​റ്റോറുകളിലും റേഷൻകടകളിലുമായിരുന്നു മിന്നൽപ്പരിശോധന.

മിക്ക പായ്ക്കിംഗ് സെന്ററുകളിലെയും ഓണക്കി​റ്റുകളിൽ 400 മുതൽ 490 രൂപ വരെയുള്ള ഭക്ഷ്യവസ്തുക്കളേയുള്ളൂവെന്ന് വിജിലൻസ് കണ്ടെത്തി. ശർക്കര തൂക്കത്തിൽ 50 മുതൽ 100 ഗ്രാം വരെ കുറവാണ്. കിറ്റുകളിൽ മാനുഫാക്ചറിംഗ്, പാക്കിംഗ് തീയതികളില്ല. ചില സെന്ററുകളിലെ കി​റ്റുകളിൽ എല്ലാ ഭക്ഷ്യവസ്തുക്കളുമില്ലെന്നും കണ്ടെത്തി. ഓണക്കിറ്റിലെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതിൽ സപ്ലെെകോ ഉദ്യോഗസ്ഥർ വീഴ്ചവരുത്തി. കിറ്റിലെ സാധനങ്ങൾക്ക് എം.ആർ.പി പ്രകാരമുള്ള വിലയും കമ്പോള വിലയും താരതമ്യം ചെയ്തുള്ള അന്വേഷണം തുടരുമെന്നും വിജിലൻസ് അറിയിച്ചു.

ഭക്ഷ്യ സാധനങ്ങളുടെ യഥാർത്ഥ തൂക്കം ഉറപ്പുവരുത്താൻ അളവ് തൂക്ക വകുപ്പ് ഉദ്യോഗസ്ഥരുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെയും സഹായം വിജിലൻസ് തേടി. ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നത് തടയും. ഓരോ സെന്ററുകളിലെയും അപാകതകളെപ്പ​റ്റി വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് പറഞ്ഞു. ഐ.ജി എച്ച്. വെങ്കടേശ്, ഡിവൈ.എസ്.പി ആർ.ഡി. അജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.