കുളത്തൂർ: റോഡ് മുറിച്ചുകടക്കാൻ പറ്റാത്തതിനാൽ ചുറ്റിക്കറങ്ങേണ്ട അവസ്ഥയിലാണ് കഴക്കൂട്ടം ഗുരുനഗർ നിവാസികൾ. ബൈപ്പാസിലെ കുഴിവിള മുതൽ കഴക്കൂട്ടം വരെയുള്ള നാല് കിലോമീറ്ററിൽ ഒരിടത്തും അണ്ടർപാസുകൾ നിർമ്മിക്കാത്തത് കാരണം ആയിരക്കണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായത്. ആക്കുളം ബൈപ്പാസിൽ ഇൻഫോസിസ് ഉൾപ്പെടുന്ന ഗുരുനഗറിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നടത്തിവരുന്ന സമരം അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. എന്നാൽ നാട്ടുകാരുടെ ആവശ്യത്തോട് അധികൃതർ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ബൈപ്പാസ് റോഡിന്റെ അരികിൽ കഴിയുന്നവർക്കുപോലും മറുഭാഗത്ത് എത്തണമെങ്കിൽ ഇരുഭാഗത്തെയും സർവീസ് റോഡുവഴി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ഗതികേടിലാണ്. നഗരസഭ സോണൽ ഓഫീസ്, പൊതുമാർക്കറ്റ്, സർക്കാർ സ്‌കൂൾ, കോലത്തുകര ക്ഷേത്രം, വില്ലേജ് ഓഫീസ്, തുടങ്ങി എല്ലാ സർക്കാർ സ്ഥാപനങ്ങളും റോഡിന് കിഴക്കുഭാഗത്ത് ആയതിനാൽ ജനങ്ങൾക്ക് രണ്ട് ബസ് കയറി സഞ്ചരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇൻഫോസിസ് കാമ്പസിനും ടെക്നോപാർക്ക് മെയിൻ കാമ്പസിനും ഇടയ്‌ക്കുള്ള ഗുരുനഗറിൽ അടിപ്പാത വന്നാൽ പ്രദേശത്തെ ട്രാഫിക് കുരുക്കിനും പരിഹാരമാകും. കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ്, എൽ.എൻ.സി.പി.ഇ, തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് ബൈപ്പാസിൽ നിന്ന് വളരെ വേഗത്തിൽ എത്തിച്ചേരാനും അടിപ്പാത സഹായിക്കും. ഗുരുനഗറിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യം പാതയിരട്ടിപ്പിക്കൽ ജോലികളുടെ തുടക്കത്തിൽ തന്നെ ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദേശീയപാത അധികൃതർ നാട്ടുകാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് പരാതി.

അപകട മരണം കൂടുതൽ

2016 മുതൽ 2020 ജനുവരി വരെ ഗുരുനഗറിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ 19 പേരാണ് വാഹനമിടിച്ച് മരിച്ചത്. ഇതിൽ 13 പേരും നാട്ടുകാരാണ്.

ഇവിടെ നടന്ന അമ്പതോളം വാഹനാപകടങ്ങളിൽ പരിക്കേറ്റവർ ഇപ്പോഴും ചികിത്സയിലാണ്.

നിർമ്മാണം തടഞ്ഞു

നാട്ടുകാരുടെ പ്രതിഷേധം

സമരങ്ങൾ നടത്തിയിട്ടും അടിപ്പാത നിർമ്മാണം നടത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഗുരുനഗർ ഭാഗത്തെ ശേഷിക്കുന്ന നിർമ്മാണം തടഞ്ഞിട്ടിരിക്കുകയാണ്. സമരത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച മന്ത്രിമാരായ ജി. സുധാകരനും കടകംപള്ളി സുരേന്ദ്രനും ഗുരുനഗർ അടിപ്പാതയുടെ ആവശ്യം ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും നിർമ്മാണത്തിന് ആവശ്യമായ അധിക തുക സംസ്ഥാന സർക്കാർ വഹിക്കണമെന്ന് അറിയിച്ചിട്ടും ദേശീപാത അധികൃതർ അനുകൂല നടപടി സ്വീകരിച്ചില്ല. സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി വി. മുരളീധരനും ഗുരുനഗറിലെ അടിപ്പാത അനിവാര്യമാണെന്ന് ഹൈവേ അധികൃതരെ ബോദ്ധ്യപ്പെടുത്തിയിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.