50

കൊച്ചി: കൊവിഡിന് മുന്നിൽ തോൽക്കാൻ തയ്യാറല്ല തൃപ്പൂണിത്തുറയിലെ പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളികൾ. അതിജീവനത്തിന്റെ പുതിയ മാതൃകയാവുകയാണ് അവർ. 'ടീം 50' എന്ന പേരിൽ പുതിയ കമ്പനി രജിസ്റ്റർ ചെയ്ത് ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാ ഉത്പന്നങ്ങളും ഓൺലൈൻ വഴി വിറ്റാണ് വിപ്ളവം.

ആദ്യ ലോക്ക് ഡൗണിൽ തന്നെ പൂട്ടുവീണ പന്തൽ സെറ്റ് ലൈറ്റ് ആൻഡ് സൗണ്ട് ഉപകരണങ്ങൾക്ക് പിന്നെയങ്ങോട്ട് ആവശ്യക്കാർ ഉണ്ടായിട്ടില്ല. നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നെങ്കിലും ഒരു ഗുണവുമുണ്ടായില്ല. ഉപകരണങ്ങൾ തുരുമ്പെടുക്കുകയും കുടുംബം മുഴുപ്പട്ടിണിയിലാവുകയും ചെയ്തത്തോടെ മറ്റു തൊഴിൽ മാർഗം കണ്ടെത്തുകയേ വഴിയുണ്ടായിരുന്നുള്ളു. അങ്ങനെയാണ് ആശയം ഉടലെടുത്തത്.

# ടീം 50

കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ തൃപ്പൂണിത്തുറ മേഖലയിലെ 50 പേർ ചേർന്നാണ് ടീം 50 എന്ന പുതിയ സംരഭത്തിന് തുടക്കം കുറിച്ചത്. ആവശ്യമായ എല്ലാ ഭക്ഷ്യവസ്തുക്കളും വീടുകളിൽ എത്തിച്ചു നൽകും. ഇതിനായി മൈ ഷോപ്പി എന്ന ആപ്പും വികസിപ്പിച്ചു. പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്.

തൃപ്പൂണിത്തുറയിലെ 8 മേഖലകളിലായാണ് പ്രവർത്തനം. പൂത്തോട്ട മുതൽ ഏലൂർ വരെ ഹോം ഡെലിവറി സർവീസുണ്ട്. ജില്ല മുഴുവൻ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണിപ്പോൾ. ഫാസ്റ്റ് ഡെലിവറിക്ക് 100 രൂപ സർവീസ് ചാർജ് ഈടാകും. സാധാരണ ഓർഡറുകൾക്ക് ഡെലിവറി ചാർജില്ല.

ജില്ല മുഴുവൻ വ്യാപിപ്പിക്കും

" ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ച മേഖലയാണ് ഞങ്ങളുടേത്. സർക്കാരിൽ നിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ല. പുതിയൊരു കച്ചിതുരുമ്പായാണ് സംരഭത്തെ കാണുന്നത്. മികച്ച പ്രതികരണമാണ്. സംരംഭം ജില്ല മുഴുവനും വ്യാപിപ്പിക്കാനാണ് ശ്രമം."

വി.ആർ പ്രകാശൻ

ചെയർമാൻ

ടീം 50