പേരാമ്പ്ര: മത്സ്യവിൽപ്പനയെ ചൊല്ലി പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ സി.ഐ.ടി.യു-എസ്.ടി.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മത്സ്യം വാങ്ങാനെത്തിയ ഒരാൾ ഉൾപ്പെടെ 13 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് സംഘർഷം. മാർക്കറ്റിൽ മത്സ്യ വില്പന നടത്താൻ തങ്ങൾക്കും അവസരം വേണമെന്ന ആവശ്യവുമായി സി.ഐ.ടി.യു പ്രവർത്തകരെത്തിയതാണ് സംഘർഷത്തിന് കാരണമായത്. നിലവിൽ എസ്.ടി.യു പ്രവർത്തകരാണ് മാർക്കറ്റിൽ മത്സ്യ വിൽപ്പന നടത്തുന്നത്. പേരാമ്പ്ര എസ്.ഐ നിജീഷിന്റെ നേതൃത്വത്തിൽ പൊലീസെത്തിയാണ് സംഘർഷത്തിന് അയവു വരുത്തിയത്. സംഘർഷത്തിൽ പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പേരാമ്പ്ര ടൗണിൽ ഹർത്താൽ ആചരിച്ചു.
മത്സ്യ മാർക്കറ്റ് അടച്ചു, പ്രദേശത്ത് നിരോധനാജ്ഞ
കോഴിക്കോട്: കൊവിഡ് വ്യാപന സാഹചര്യം നിലനിൽക്കെ പേരാമ്പ്ര മത്സ്യ മാർക്കറ്റിലുണ്ടായ സംഘർഷത്തെ തുടർന്ന് മത്സ്യ മാർക്കറ്റ് അടച്ചിടാൻ ജില്ലാ കളക്ടർ സാംബശിവ റാവു ഉത്തരവിട്ടു. പഞ്ചായത്തിലെ 15, 5 വാർഡുകളിലും മത്സ്യമാർക്കറ്റിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷ സമയത്തുണ്ടായ മുഴുവൻ പേരുടേയും പട്ടിക തയ്യാറാക്കാൻ റൂറൽ പൊലീസ് മേധാവിക്ക് കളക്ടർ നിർദ്ദേശം നൽകി. പ്രദേശത്തുണ്ടായവർ റൂം ക്വാറന്റൈനിൽ പ്രവേശിക്കണം. ഇവർ ക്വാറന്റൈനിൽ കഴിയുന്നുവെന്ന് വാർഡ് ആർ.ആർ.ടികൾ ഉറപ്പ് വരുത്തണം. ഇക്കാര്യത്തിൽ പൊലീസിന്റെ കർശന നിരീക്ഷണം ഉണ്ടാവും. സംഘർഷത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കും. ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് അടിയന്തര പരിശോധന നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. ജില്ലയിലെവിടെയും ഒരുതരത്തിലുള്ള പ്രകടനങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.