മിമിക്രി, നാടകവേദികളിലൂടെ വന്ന് മലയാളസിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് സിദ്ദിഖ്. ഹാസ്യവേഷങ്ങളിൽ നിന്നും കരുത്തുറ്റ കഥാപാത്രങ്ങളിലേക്കുള്ള സിദ്ദിഖിന്റെ വളർച്ച ആരെയും വിസ്മയിപ്പിക്കുന്നതാണ്. 40 വർഷങ്ങൾക്കു മുൻപുള്ളൊരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പങ്കുവച്ചിരിക്കുകയാണ് സിദ്ദിഖ് ഇപ്പോൾ.
സിനിമയിൽ എത്തുന്നതിനും മുൻപുള്ള ചിത്രമാണ് സിദ്ദിഖ് പങ്കുവച്ചിരിക്കുന്നത്. 'ആ നേരം അൽപ്പദൂരം' എന്ന ചിത്രത്തിലൂടെ 1985ലാണ് സിദ്ദിഖ് അഭിനയലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്ത സിദ്ദിഖിന് കരിയറിൽ ആദ്യം ബ്രേക്ക് സമ്മാനിച്ചത് 1990ൽ പുറത്തിറങ്ങിയ 'ഇൻ ഹരിഹർനഗർ' എന്ന ചിത്രമായിരുന്നു.
ഇൻ ഹരിഹർനഗർ' വിജയമായതോടെ ഗോഡ് ഫാദർ, മാന്ത്രികചെപ്പ്, സിംഹവാലൻ മേനോൻ, കാസർഗോഡ് ഖാദർഭായി, തിരുത്തൽവാദി, കുണുക്കിട്ടക്കോഴി തുടങ്ങി നിരവധി ചിത്രങ്ങളിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൂടുതലും ഹാസ്യകഥാപാത്രങ്ങളെയാണ് ഈ ചിത്രങ്ങളിൽ സിദ്ദിഖ് കൈകാര്യം ചെയ്തത്. അസുരവംശം, ലേലം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സിദ്ദിഖ് സീരിയസ് റോളുകളിലേക്ക് വഴിമാറിയത്. 2001ൽ പുറത്തിറങ്ങിയ 'സത്യമേവ ജയതേ' എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് ഏറെ നെഗറ്റീവ് കഥാപാത്രങ്ങളും സിദ്ദിഖിനെ തേടിയെത്തി. സസ്‌നേഹം സുമിത്ര, ചൂണ്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും സ്വന്തമാക്കി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് സിനിമികളിലും അഭിനയിച്ച സിദ്ദിഖ് നിർമാതാവ്, ടിവി അവതാരകൻ എന്നീ നിലകളിലും ശ്രദ്ധ നേടി. 2005 ൽ ഏറ്റവും നല്ല ടെലിഫിലിം അഭിനേതാവിനുള്ള കേരളസംസ്ഥാന അവാർഡും സിദ്ദിഖ് കരസ്ഥമാക്കിയിരുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം, അനുഗ്രഹീതൻ ആന്റണി എന്നിവയാണ് ഇനി റിലീസിനെത്താനുള്ള സിദ്ദിഖ് ചിത്രങ്ങൾ.