ആലുവ: ആലുവ മാർക്കറ്റിന് സമീപം സവാള മൊത്ത വ്യാപാര കേന്ദ്രത്തിന്റെ ഭൂഗർഭ അറയിൽ പുരുഷന്റേതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി. മാർക്കറ്റ് റോഡിൽ ഫയർ സ്റ്റേഷന് എതിർവശം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ലോക്ക് ഡൗണിനെ തുടർന്ന് ഒരു മാസത്തിലേറെയായി സ്ഥാപനം അടഞ്ഞുകിടക്കുകയായിരുന്നു. അറയുടെ ഭാഗത്ത് ഗ്രില്ല് സ്ഥാപിക്കുന്നതിനായി തൊഴിലാളികളെത്തിയപ്പോഴാണ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തലയോട്ടി ഏതാണ്ട് പൂർണമായും മറ്റ് ശരീര ഭാഗങ്ങളുടെ അസ്ഥിയുമാണുള്ളത്. ആലുവ സി.ഐ എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി നടത്തിയ തിരച്ചിലിൽ ഒരു ബാഗ് സമീപത്ത് നിന്നും കണ്ടെത്തി. മൊബൈൽ ഫോൺ, പഴകിയ വസ്ത്രങ്ങൾ എന്നിവ ബാഗിലുണ്ടായിരുന്നു. ഫോൺ പ്രവർത്തന രഹിതമാണ്. ഇതേ തുടർന്ന് ഫോണിലെ സിം കാർഡ് മറ്റൊരു ഫോണിൽ ഇട്ട് നമ്പർ കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ നമ്പർ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ആലുവ സ്വദേശി ജിമ്മി ജോസിന്റേതാണ് കെട്ടിടം. അസ്ഥികൂടത്തിന് നല്ല പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ആലുവ ഡിവൈ.എസ്.പി ജി വേണുവിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. അസ്ഥികൂടം ഇന്നലെ രാത്രിയോടെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പൊലീസ് സർജൻ പരിശോധിക്കും.