പൂവാർ: വിദേശികളടക്കം നൂറുകണക്കിന് ടൂറിസ്റ്റുകൾ ദിവസേന വന്നുപോയിരുന്ന നെയ്യാർ നദിയുടെ സംഗമ ഭൂമിയായ പൂവാർ പൊഴിക്കര നിശ്ചലമായതോടെ ടൂറിസം മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെട്ടു. കോവളം കഴിഞ്ഞാൽ കന്യാകുമാരിയിലേക്ക് പോകുന്നതിനു മുമ്പുള്ള ടൂറിസ്റ്റുകളുടെ ഇടത്താവളമാണ് പൂവാർ. അതുകൊണ്ടുതന്നെ ഇവിടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ലോഡ്ജുകൾ, ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, ഫ്ളോട്ടിംഗ് റെസ്‌റ്റോറന്റുകൾ എല്ലാം ഇപ്പോൾ അടച്ചുപൂട്ടിയ നിലയിലാണ്. മണൽപരപ്പിലെ കുതിര, ഒട്ടക സവാരിയും ഇല്ലാതെയായി. ബോട്ട് ഡ്രൈവേഴ്സ്, ഹോട്ടൽ തൊഴിലാളികൾ, ടാക്സി, ആട്ടോ ഡ്രൈവേഴ്സ് തുടങ്ങി നൂറുകണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെട്ടു. ചെറു കച്ചവടക്കാരുടെ ഉപജീവന മാർഗ്ഗങ്ങൾ നിലച്ചു. തൊഴിൽ നഷ്ടപ്പെട്ട് അവർ കഷ്ടത്തിലായി. ഈ ദുരിതകാലത്ത് ഞങ്ങളെ സഹായിക്കാൻ ആരുമില്ലന്ന് തൊഴിലാളികൾ പറയുന്നത്. 'നെയ്യാർ' നദി ഇവിടെ എത്തുന്നതോടെ 'പൂവാർ' ആകുന്നു എന്നത് നാടിന്റെ ചരിത്രം കൂടിയാണ്. സ്വർണ്ണ തൂമ്പയിൽ നിർമ്മിക്കപ്പെട്ട ചരിത്രപ്രസിദ്ധമായ എ.വി.എം കനാൽ തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്നതും ഈ സംഗമ ഭൂമിയെ തൊട്ടുരുമിയാണ്. പൂവാർ, കുളത്തൂർ പഞ്ചായത്തുകളുടെ അതിർത്തി വേർതിരിക്കുന്നതും നെയ്യാർ തന്നെ. പൊഴിമുറിയുന്ന പൊഴിയൂരിലെ കുരിശടിയും നദിയില വെള്ളത്തിന് നടുവിൽ ഉയർന്ന് നിലക്കുന്ന എലിഫന്റ് റോക്കും സഞ്ചാരികൾക്ക് കൗതുകമാണ്. നദിയിലെ സ്വാഭാവിക കണ്ടൽക്കാടുകൾ ഏവരെയും ആകർഷിക്കുന്നതാണ്. ഇനി എന്നാണ് പൂവാർ തീരം പൂർവസ്ഥിതിയിലാവുന്നതെന്ന് അറിയാതെ ആശങ്കയിലാണ് തൊഴിലാളികൾ. പൊഴിക്കരയിൽ കോസ്റ്റൽ പൊലീസുകാരും ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ലൈഫ് ഗാഡുകളും മാത്രമാണ് ഇപ്പോഴുള്ളത്. കൊവിഡ് നിയന്ത്രണ വിധേയമാകുന്ന കാലം വിദൂരമല്ലന്ന വിശ്വാസത്തിൽ നല്ലൊരു നാളെയെ പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഇവിടത്തെ തൊഴിലാളികൾ.