kovalam

കോവളം: നാഗർകോവിൽ-തിരുവനന്തപുരം പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന പ്രതീക്ഷയിൽ നിർമാണം ആരംഭിച്ച സംസ്ഥാനത്തെ ആദ്യ കോൺക്രീറ്റ് പാതയായ മുക്കോല -കാരോട് ബൈപ്പാസിന്റെ നിർമാണം അനന്തമായി നീളുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പ് നിർമ്മാണം തുടങ്ങിയ കോട്ടുകാൽ ഗ്രാമ പഞ്ചായത്തിനുള്ളിൽ വരുന്ന പുന്നക്കുളം ജംഗ്ഷനിലും വേങ്ങപ്പൊറ്റയ്ക്കും മദ്ധ്യേയുള്ള തെങ്കവിള ഭാഗത്ത് ചതുപ്പ് നികത്തിയുള്ള നിർമ്മാണമാണ് പാതിവഴിയിലായത്. ഇവിടെ ആദ്യം മണ്ണിട്ട് നികത്തി 40 അടിയോളം ഉയരത്തിലും 100 മീറ്ററോളം നീളത്തിലും വാഹനങ്ങൾ കടന്ന് പോകുവാനാണ് ലക്ഷ്യംവച്ചത്. ഇതിനായി ബൈപ്പാസ് റോഡിന്റെ ഇരുഭാഗത്തുംകോൺക്രീറ്റ് ഭിത്തി 50 അടിയോളം ഉയരത്തിൽ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും ചതുപ്പ് പ്രദേശമായതിനാൽ ഇവിടെയുളള മണ്ണ് ഒലിച്ച് പോകുകയും കോൺക്രീറ്റ് ഭിത്തി നിലം പൊത്തുകയും ചെയ്തു. ഇതേ തുടർന്ന് കരാറുകാർക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചതെന്ന് പറയുന്നു. ഇതോടെ ബൈപ്പാസ് അധികൃതർ മണ്ണ് പരിശോധന നടത്തുകയും പ്ലാനിൽ മാറ്റം വരുത്തി മുപ്പതടിയോളം താഴ്ചയിൽ പൈലിംഗ് നടത്തി കോൺക്രീറ്റിംഗ് മെറ്റലുകൾ നിറച്ച് ചതുപ്പിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന നിർമ്മാണ ജോലികളാണ് ഇവിടെ ഇഴഞ്ഞ് നീങ്ങുന്നത്. പരീക്ഷണാർത്ഥം ഇവിടെ 1000 ചതുരശ്ര അടിയിൽ നിർമ്മാണം പൂർത്തിയാക്കി വിജയം കണ്ട ശേഷമാണ് നിർമ്മാണം പുനരാരംഭിച്ചത്. ചപ്പാത്ത് ആട്ടറമൂല വലിയതോട് ബണ്ട് റോഡിൽ കൽവർട്ട് നിർമ്മിക്കാത്തതിനെ ചൊല്ലിയുള്ള പ്രദേശവാസികളുടെ എതിർപ്പും നിർമ്മാണത്തെ ബാധിച്ചിട്ടുണ്ട്.

ഒന്നാം ഘട്ടമായ കഴക്കൂട്ടം കോവളം ബൈപ്പാസ് റോഡ് തുറന്ന് കൊടുത്തെങ്കിലും ഹൃദയഭാഗമായ കാരോട് വരെയുള്ള നിർമ്മാണം പൂർത്തിയായെങ്കിൽ മാത്രമേ നിർമ്മാണം കൊണ്ട് പ്രയോജനം ലഭിക്കുകയുള്ളു. 2020 പകുതിയോടെ കാരോട് വരെയുള്ള നിർമാണം പൂർത്തിയാകുമെന്നാണ് ഒരു വർഷം മുമ്പ് അധികൃതർ അറിയിച്ചിരുന്നത്.നിലവിലെ സ്ഥിതിയിൽ കാരോട് വരെയുള്ള റോഡിന്റെ നിർമാണം പൂർത്തിയാകാൻ ഇനിയും ഒന്നരവർഷത്തോളം വേണ്ടിവരുമെന്നാണ് കരാർ തൊഴിലാളികൾ വിലയിരുത്തുന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും ഉണ്ടായ പ്രളയവും അതിനുമുമ്പുണ്ടായ ഓഖിയും ഇപ്പോഴുളള കൊവിഡും നിർമാണപ്രവർത്തനങ്ങൾ മന്ദീഭവിപ്പിച്ചതായി പറയുന്നു. ശക്തമായി പെയ്ത മഴയിൽ താഴ്ന്നപ്രദേശങ്ങൾ നികത്തുന്നതിനായി നിറച്ച മണ്ണ് വലിയ തോതിൽ ഒലിച്ചുപോയത് നിർമാണപ്രവർത്തനങ്ങൾക്ക് തടസ്സമായി. തുടർന്ന് വീണ്ടും പല പ്രദേശങ്ങളിലും വൻതോതിൽ മണ്ണ് നിറയ്‌ക്കേണ്ടി വന്നു.