swapna

യു.എ.ഇ ഭരണാധികാരി അദ്ധ്യക്ഷനായ എമിറേറ്റ്സ് റെഡ്ക്രസന്റ് നൽകിയ ദുരിതാശ്വാസ സഹായത്തിൽ നിന്ന് നാലേകാൽ കോടി സ്വപ്നയും സംഘവും കൈയിട്ടുവാരിയതിൽ ഇനി വരാനിരിക്കുന്നത് ഭൂകമ്പമാണ്. ലൈഫ് കോഴയായി കിട്ടിയ നാലേകാൽകോടി ആർക്കൊക്കെ ലഭിച്ചെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുകയാണ്. ഈ വിവരം പുറത്തുവരുന്നതോടെ വൻ ഭൂകമ്പമുണ്ടാകുമെന്നാണ് സൂചന. ഹവാലാ മാർഗത്തിൽ ദുബായിലെത്തിച്ച പണം ദിർഹമായി സംസ്ഥാനത്തെ ഒരു ഉന്നതന് ലഭിച്ചെന്ന സൂചന ഇതിനകം പുറത്തുവന്നിട്ടുണ്ട്. സ്വപ്നയുടെ ബാങ്ക് ലോക്കറുകളിലുണ്ടായിരുന്ന ഒരു കോടി രൂപ മറ്റാർക്കോ വേണ്ടി അവർ സൂക്ഷിച്ചതാണെന്നാണ് അന്വേഷണസംഘം പറയുന്നത്.

അന്വേഷണത്തിൽ കുരുക്ക് മുറുകുന്നത് സംസ്ഥാനത്തെ നിരവധി ഉന്നത ഉദ്യോഗസ്ഥർക്കാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവപ്രതാപിയായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ തന്ത്രപരമായി നടത്തിയ ഇടപാടുകളിൽ ഇവരെല്ലാം അറിയാതെ പെട്ടുപോവുകയായിരുന്നു. നാലേകാൽ കോടി കോഴപ്പണം ഹവാലയായി വിദേശത്ത് കടത്തിയതടക്കമുള്ള ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയിരിക്കെ, തടി രക്ഷിക്കാൻ പെടാപ്പാടിലാണ് ഉദ്യോഗസ്ഥർ.

ലൈഫ് മിഷനിലെ പദ്ധതികൾ അംഗീകരിക്കേണ്ട ഉന്നതാധികാര സമിതിയുടെ അദ്ധ്യക്ഷനായിരുന്ന ചീഫ് സെക്രട്ടറി ടോംജോസ്, റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട യു.വി.ജോസ്, അന്നത്തെ തദ്ദേശസെക്രട്ടറി ടി.കെ.ജോസ് എന്നിവരെല്ലാം കുരുക്കിലാണ്. തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഇവർക്കാർക്കും ഒഴിയാനാവില്ല. സർക്കാരിനു വേണ്ടിയുള്ള എല്ലാ കരാറുകളും ഉത്തരവുകളും ഗവർണറുടെ പേരിലേ ഒപ്പിടാനാവൂ എന്നാണ് ചട്ടമെന്നിരിക്കെയാണ് റെഡ്ക്രസന്റുമായുള്ള കരാർ സർക്കാരിനു വേണ്ടി യു.വി.ജോസ് ഒപ്പിട്ടത്. കരാറിലെ രണ്ടാംകക്ഷിയാണ് സംസ്ഥാന സർക്കാർ. ധാരണാപത്രമല്ലാതെ റെഡ്ക്രസന്റ് ഇടപാട് സംബന്ധിച്ച ഒരു ഫയലും തദ്ദേശവകുപ്പിലേക്ക് വന്നിട്ടില്ലെന്ന് സെക്രട്ടറിയായിരുന്ന ടി.കെ.ജോസ് വിശദീകരിക്കുന്നെങ്കിലും അത് നിയമപരമായി നിലനിൽക്കുന്നതല്ല. ധാരണാപത്രമുള്ള സ്ഥിതിക്ക് നിർമ്മാണത്തിന്റെ ഡിസൈൻ, ഡ്രോയിംഗ്, എസ്റ്റിമേറ്റ് എന്നിവ തദ്ദേശവകുപ്പ് കണ്ട് അനുമതി നൽകേണ്ടതാണ്. എന്നാൽ ശിവശങ്കർ ഇതെല്ലാം മറികടന്നു. ലൈഫ് മിഷനാണ് പദ്ധതിയുടെ ഡിസൈനും ഡ്രോയിംഗുമെല്ലാം അംഗീകരിച്ച് നൽകിയത്. 2018ൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശപ്രകാരം വടക്കാഞ്ചേരി പദ്ധതിക്ക് 13.5കോടിയുടെ ഭരണാനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും അവസാനം അത് 20കോടിയായി ഉയർന്നതിലെ ദൂരൂഹതയും ഇ.ഡി അന്വേഷിക്കുകയാണ്. ലിമിറ്റഡ് ടെൻഡറിലൂടെയോ അക്രഡിറ്റഡ് ഏജൻസികൾ മുഖേനയോ ടെൻഡറിലൂടെയോ ഭവന നിർമ്മാണം നടത്താനുള്ള തീരുമാനം അട്ടിമറിച്ചാണ് അക്രഡിറ്റഡ് ഏജൻസിയല്ലാത്ത യൂണിടാക്കിനെ നിശ്ചയിച്ചതും നാലേകാൽ കോടി കമ്മിഷനടിച്ചതും.

ഇരുപതുകോടി വിദേശസഹായം സ്വീകരിക്കുന്ന പദ്ധതിക്ക് മുഖ്യമന്ത്രി ഫയൽ കാണാതെയും മന്ത്രിസഭ അറിയാതെയും എങ്ങനെ അനുമതി ലഭിച്ചു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. ലൈഫ് മിഷന് കൂടുതൽ അധികാരവും സ്വാതന്ത്ര്യവുമുള്ളതിനാൽ ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രി കാണേണ്ട ആവശ്യമില്ലായിരുന്നെന്നാണ് തദ്ദേശവകുപ്പിന്റെ വിശദീകരണം. കരാറുകാരനെയും നിർമ്മാണരീതിയുമൊക്കെ റെഡ്ക്രസന്റാണ് തീരുമാനിക്കുന്നതെന്നാണ് ഇതുവരെ സർക്കാർ വിശദീകരിച്ചിരുന്നത്. ഭവനപദ്ധതിക്കായി ഭൂമി നൽകിയെന്നല്ലാതെ സർക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. എന്നാൽ ധാരണാപത്രം പുറത്തുവന്നതോടെ ഈ കള്ളക്കളികളെല്ലാം പൊളിഞ്ഞു. റെഡ്ക്രസന്റിന് മാത്രമായി കരാറുകാരനെ അടക്കം തീരുമാനിക്കാൻ വടക്കാഞ്ചേരിയിലേത് സ്വതന്ത്ര പദ്ധതിയല്ല. സർക്കാരുമായി ചേർന്നുള്ളതാണ്. ഭൂമിയും കെട്ടിട പെർമിറ്റും സർക്കാരിന്റേതാണ്. ഡിസൈനടക്കം ലൈഫ് മിഷൻ അംഗീകരിച്ചതുമാണ്. 2019 ജൂലൈ11നാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത്. വിദേശസഹായം സ്വീകരിക്കാൻ കേന്ദ്രാനുമതി നേടിയെടുക്കേണ്ടതുണ്ട്. പക്ഷേ ഇവിടെ പണമല്ല വീടുകളാണ് സ്വീകരിച്ചതെന്ന ന്യായീകരണം വിലപ്പോവില്ല. എഫ്.സി.ആർ.എ ചട്ടപ്രകാരം വ്യക്തിപരമായ ആവശ്യത്തിനല്ലാതെ പുറത്തുനിന്നുള്ള എന്തും വിദേശസഹായത്തിന്റെ പരിധിയിലാണ്.

ഉദ്യോഗസ്ഥരുടെ റോൾ

എം.ശിവശങ്കർ

റെഡ്ക്രസന്റുമായുള്ള ധാരണാപത്രം നിയമവകുപ്പ് അംഗീകരിച്ച് നൽകിയെന്ന് ശിവശങ്കറാണ് ലൈഫ് മിഷനിലും സി.ഇ.ഒ യു.വി.ജോസിനെയും അറിയിച്ചത്. റെഡ്ക്രസന്റ് സന്നദ്ധമാണെന്നും അവരുടെ സംഘം കേരളത്തിലെത്തിയിട്ടുണ്ടെന്നും നാളെ (ജൂലായ് 11) ധാരണാപത്രം ഒപ്പിടണമെന്നുമായിരുന്നു തദ്ദേശസെക്രട്ടറി ടി.കെ.ജോസിനെ അറിയിച്ചത്. പുനരുപയോഗിക്കാവുന്ന അസംസ്കൃതവസ്തുക്കളുടെ (പ്രീഫാബ്) സാങ്കേതികവിദ്യയിൽ എല്ലാജില്ലയിലും ഓരോ മാതൃകാ കെട്ടിട സമുച്ചയം പണിയാൻ അനുമതി നേടിയെടുത്ത് അതിന്റെ മറവിലായിരുന്നു ക്രമക്കേട്.

ടി.കെ.ജോസ്

ജൂലായ്11ന് രാവിലെ ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിന്, അന്ന് വൈകിട്ട് അഞ്ചിന് ധാരണാപത്രം ഒപ്പിടാനെത്തണമെന്ന് കുറിപ്പ് നൽകി. ധാരണാപത്രം റെഡ്ക്രസന്റ് കൈമാറിയതാണെന്ന വിവരമുള്ളത് ഈ കുറിപ്പിലാണ്. നേരത്തേ മറ്റൊരു സ്ഥാപനത്തിന് ഭരണാനുമതി നൽകിയ പദ്ധതി യൂണിടാകിന് കിട്ടിയതും ദുരൂഹം.

യു.വി.ജോസ്

റെഡ്ക്രസന്റുമായുള്ള കരാറൊപ്പിട്ടു. യൂണിടാകിന് നിർമ്മാണ കരാർ നൽകിയത് അംഗീകരിച്ച് റെഡ്ക്രസന്റിന് കത്തെഴുതിയതോടെ ജോസിന് എല്ലാം അറിവുണ്ടായിരുന്നെന്ന് വ്യക്തമായി. യൂണിടാക് സമർപ്പിച്ച രൂപരേഖയിൽ സംതൃപ്തിയുണ്ടെന്നും അവരുമായി ചേർന്ന് മുന്നോട്ടുപോവാമെന്നും ജോസിന്റെ കത്തിലുണ്ട്. എല്ലാ അനുമതിയും വാങ്ങി നൽകാൻ ലൈഫ് മിഷൻ സഹായിക്കാമെന്നും വാഗ്ദാനമുണ്ട്. നിയമ, തദ്ദേശവകുപ്പുകൾ സൂക്ഷ്‌മപരിശോധന നടത്തിയ കരാറിൽ ഒപ്പിടുകമാത്രമാണ് താൻ ചെയ്തതെന്നാണ് യു.വി.ജോസിന്റെ വാദം.

ടോംജോസ്

എംപാനൽ എജൻസികളിൽ നിന്ന് നിർദ്ദേശം സ്വീകരിച്ച് നിർമ്മാണം നടത്താൻ 2017ജൂൺ 12ന് തീരുമാനിച്ചു. 2017ഓഗസ്റ്റ് 18ന് തദ്ദേശവകുപ്പ് മന്ത്രിയുടെ അവലോകന യോഗത്തിൽ സർക്കാർ അംഗീകാരമുള്ള ഏജൻസികൾക്ക് ലിമിറ്റഡ് ടെൻഡറിലൂടെ നിർമ്മാണകരാർ നൽകാൻ തീരുമാനിച്ചു. 2018 ഏപ്രിൽ 11ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിമിറ്റഡ് ടെൻഡറിനു പുറമെ സർക്കാർ അംഗീകരിച്ചിട്ടുള്ള അക്രഡിറ്റഡ് ഏജൻസികളെയും നിർമ്മാണത്തിന് അനുവദിച്ചു. നടപടികൾ വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പക്ഷേ, കരാർ കിട്ടിയ യൂണിടാക് അക്രഡിറ്റഡ് ഏജൻസിയല്ല.

2019 ജൂലൈ10ന് നടന്നതെന്ത്

 റെഡ്ക്രസന്റ് സംഘം കേരളത്തിലെത്തിയെന്നും നാളെ (11ന്) കരാറൊപ്പിടണമെന്നും ശിവശങ്കർ തദ്ദേശസെക്രട്ടറിയെയും ലൈഫ് മിഷൻ സി.ഇ.ഒയെയും അറിയിച്ചു

 നിയമവകുപ്പ് അംഗീകരിച്ച ധാരണാപത്രം കിട്ടാത്തതിനാൽ തദ്ദേശസെക്രട്ടറി ടി.കെ.ജോസ് അനങ്ങിയില്ല. ഇങ്ങനെയൊരു ഓഫറുണ്ടെന്ന് നേരത്തേ ജോസിന് അറിയില്ലായിരുന്നു.

 തൃശൂരിലായിരുന്ന മന്ത്രി എ.സി.മൊയ്തീനെ ഫോണിൽ വിളിച്ച് ടി.കെ.ജോസ് ഇക്കാര്യമറിയിച്ചു. റെഡ്ക്രസന്റിന്റെ ഓഫറുണ്ട്, ഏത് സ്ഥലം വേണമെന്ന് ചോദിച്ചു

 സ്ഥലം ലഭ്യമായിട്ടുള്ളിടത്ത് പദ്ധതി നടപ്പിലാക്കാൻ മൊയ്തീൻ നിർദ്ദേശിച്ചു. തർക്കരഹിതവും എളുപ്പത്തിൽ ലഭ്യമായതുമായത് വടക്കാഞ്ചേരിയായതിനാൽ അവിടം തിരഞ്ഞെടുത്തു

 പിറ്റേന്ന് കരാറൊപ്പിടാനും മന്ത്രി മൊയ്തീൻ എത്തിയില്ല. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ റെഡ്ക്രസന്റും യു.വി.ജോസും കരാറൊപ്പിട്ടു.