dfff

തിരുവനന്തപുരം: കൊവിഡിൽ തളർന്ന വിപണി ഓഫറുകളുടെ ഓണവുമായി ഉഷാറായിക്കഴിഞ്ഞു. വ്യാപാരികൾ ഇത്തവണ വമ്പൻ ഓഫറുകളാണ് മുന്നോട്ടുവയ്ക്കുന്നത്. കൊവിഡ് കണക്കിലെടുത്ത് ഓൺലൈൻ ക്യൂ സമ്പ്രദായം വരെ നടപ്പാക്കാനാണ് ഇവരുടെ ആലോചന. പോത്തീസും ബിഗ്ബസാറുമടക്കം നഗരത്തിലെ പ്രമുഖ മാളുകളും ജുവലറി ഉടമകളും ഗൃഹോപകരണ, ടെക്സ്റ്റൈൽസ് വ്യാപാരികളും മൊത്ത, ചില്ലറ വില്പനക്കാരുമടക്കം എല്ലാവരും കിടിലൻ ഓഫറുകളാണ് ഓണക്കച്ചവടം പൊടിപൊടിക്കാൻ അവതിരിപ്പിക്കുന്നത്. ഓൺലൈൻ പഠനം തുടങ്ങിയതോടെ കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പ്, മൊബൈൽഫോൺ എന്നിവയുടെ വില്പന കൂടിയിരുന്നു. ഓഫറുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ആവശ്യക്കാരേറിയെന്നും വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. ഓണം ബോണസ് ഉൾപ്പെടെ വിതരണം ചെയ്യുന്നതോടെ വിപണി കൂടുതൽ ഉണരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. പൊന്നോണത്തിന് പുത്തൻ ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും വാങ്ങാനുള്ള മലയാളികളുടെ പാച്ചിലിന് ഇത്തവണയും കുറവൊന്നുമില്ല.

ഗൃഹോപകരണങ്ങളിൽ മിന്നി സ്‌മാർട്ട് ടിവി

എൽ.ഇ.ഡി സ്‌മാർട്ട് ടിവികളാണ് ഇക്കൊല്ലം ഓണം വിപണിയെ നയിക്കുന്നത്. ടിവികൾക്കൊപ്പം ഡി.ടി.എച്ചുകളും ഹോം തിയേറ്ററുകളും ഫ്രീയായി നൽകുന്നു. ഫ്രിഡ്‌ജും വാഷിംഗ് മെഷീനും എ.സിയുമൊക്കെ പുതിയ മോഡലുകളിൽ വിപണിയിലെത്തിയിട്ടുണ്ട്. കമ്പനി ഓഫറുകൾക്ക് പുറമെ കടകളുടെ പ്രത്യേക ഓഫറുമുണ്ട്. നറുക്കെടുപ്പ് സമ്മാനങ്ങൾ, സ്വർണനാണയങ്ങൾ, ഒന്നെടുത്താൽ മറ്റൊന്ന്, സൗജന്യ ഓഫറുകൾ, എക്‌സ്‌ചേഞ്ച്‌ മേളകൾ എന്നിവ കൂടാതെ പല കമ്പനികളും കൂടിയ വാറന്റി കാലയളവും ഓഫർ ചെയ്യുന്നുണ്ട്. കൂടുതൽ ഉത്പന്നങ്ങൾ ഒന്നിച്ചുള്ള കോമ്പോ ഓഫറുകളുമുണ്ട്. തവണവ്യവസ്ഥയിലും പലിശരഹിത വ്യവസ്ഥയിലും ഉത്പന്നങ്ങൾ നൽകും. പഴയ ഉത്പന്നങ്ങൾ തിരികെവാങ്ങി ഇതേ വിഭാഗത്തിലെ പുതിയ ഉത്പന്നങ്ങൾ വാങ്ങിക്കാനും സൗകര്യമുണ്ട്. ക്രെഡിറ്റ് കാ‌ർഡ് പർച്ചേസിനും മുൻഗണനയുണ്ട്. കോടികളുടെ പ്രൈസ് മണി, ബെൻസ് കാർ തുടങ്ങിയവ ഓഫർ ചെയ്യുന്ന സ്ഥാപനങ്ങളും ഓണ വിപണിയിൽ സജീവമായിക്കഴിഞ്ഞു.

 മൊബൈലുകൾക്കൊപ്പം ഡാറ്റയും സൗജന്യം

ഒട്ടേറെ സൗജന്യങ്ങളുമായാണ് സ്‌മാർട്ട്‌ഫോൺ കമ്പനികൾ വിപണയിലെത്തിയിരിക്കുന്നത്. മികച്ച പർച്ചേസുകൾക്കൊപ്പം കാഷ് ബാക്ക് ഓഫറുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌‌ലെറ്റുകൾ എന്നിവയും ഇത്തവണ സമ്മാന പദ്ധതികളായി ഒരുക്കിയിട്ടുണ്ട്. മലയാളികളുടെ ഡാറ്റാ ഭ്രമം പരിഗണിച്ച്‌ 4ജി സിം, നിശ്ചിത ജി.ബി ഡാറ്റയും ഓഫറുകളിൽ ഇടംപിടിച്ചിരിക്കുന്നു. ഫോണുകൾക്ക് ഒപ്പം ഹെഡ്‌സെറ്റുകൾ, പവർബാങ്ക്, മെമ്മറി കാർഡുകൾ എന്നിവയും ഓണം ഓഫറുകളായി നൽകുന്നു.

വാഹനങ്ങളിൽ ഡൗൺ പേമെന്റാണ് താരം

പ്രത്യേക കാഷ് ബെനിഫിറ്റ്, കുറഞ്ഞ ഇ.എം.ഐ, ആദ്യ ഇൻഷ്വറൻസ് ഫ്രീ, കൂടുതൽ ഫ്രീ സർവീസുകൾ എന്നിങ്ങനെ വാഹനപ്രേമികളെ പിടിച്ചിരുത്തുന്നവയാണ് മിക്കതും. ജനപ്രിയ മോഡലുകൾക്ക് ഇതിനുപുറമെ പ്രത്യേകം ഓഫറുകളും ലഭ്യമാണ്. താഴ്ന്ന ഡൗൺ പേമെന്റാണ് മോഹനവാഗ്ദാനം. അധിക അക്‌സസറീസുകൾക്ക് വിലക്കിഴിവ്, ഫ്രീഷോപ്പിംഗ് കാർഡ്, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യൂറോപ്യൻ യാത്ര, ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനം, പഴയ വാഹനങ്ങൾക്ക് എക്‌സ്‌ചേഞ്ച്, ഉടൻ ഡെലിവറി എന്നിങ്ങനെയാണ് ഓഫർ പെരുമഴ.

'' വിപണി ഉണർന്നിട്ടുണ്ട്. പക്ഷേ, ഫുൾ സ്വിംഗിലെത്തിയിട്ടില്ല. നിയന്ത്രണങ്ങൾ ഉള്ളതിനാൽ കുടുംബത്തോടൊപ്പമുള്ള ഓണം പർച്ചേസ് നടക്കുന്നില്ലെന്ന പരാതിയുണ്ട്. ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആൾക്കാർക്ക് വലിയ താത്പര്യമില്ല. നൽകിയ ഓഫറുകളെല്ലാം ക്ലിക്കായിരുന്നു. ഓണക്കാലത്താണ് കച്ചവടത്തിന്റെ പകുതിയിലധികവും നടക്കുന്നത്. കുറച്ചുകൂടി ഇളവുകൾ ലഭിച്ചാൽ കച്ചവടവും ഓണവും ഉഷാറാകും.

ഗോപു നന്ദിലത്ത്, നന്ദിലത്ത് ജി മാർട്ട് ഉടമ

'' കൊവിഡ് നന്നായി ബാധിച്ചിട്ടുണ്ട്. കച്ചവടം പകുതിയായി കുറഞ്ഞു. ആൾക്കാരൊക്ക ഭയപ്പാടിലാണ്. വില്പന സമയം ദീർഘിപ്പിച്ചാലേ ഒന്ന് പിടിച്ചു നിൽക്കാൻ പറ്റൂ. അത്തം മുതൽ കൂടുതൽ കച്ചവടം പ്രതീക്ഷിക്കുന്നുണ്ട്. ഷോറുമുകളിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്.

സുപ്രിയാ സുരേന്ദ്രൻ, സുപ്രിയാ ഏജൻസീസ് ഉടമ

'' ഓണ വിപണി ഉണർന്നു തുടങ്ങിയിട്ടുണ്ട്. ആൾക്കാരൊക്കെ കടകളിൽ വന്ന് തുടങ്ങി, കച്ചവടവും കൂടിയിട്ടുണ്ട്. ഓഫറുകളോട് ആൾക്കാർക്ക് നല്ല പ്രതികരണമാണ്. പിന്നെ വിൽപ്പന സമയത്തിലെ ചെറിയൊരു ബുദ്ധിമുട്ടേയുള്ളൂ. ആൾക്കാർ കൂടുതലും വരുന്നത് ഉച്ചയ്ക്ക് ശേഷമല്ലേ.

അഭിമന്യു ഗണേശ്, ക്യു.ആർ.എസ്‌