ayurveda

ആയുർവേദത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് സ്വസ്ഥവൃത്തം മറ്റൊന്ന് ആതുരവൃത്തം. രോഗം വരാതെ ആരോഗ്യവാനായി ജീവിക്കാൻ എന്തൊക്കെ ചെയ്യണമെന്നുള്ളതാണ് സ്വസ്ഥവൃത്തത്തിൽ പറയുന്നത്.

ഓരോ രോഗങ്ങൾക്കുമുള്ള ചികിത്സയാണ് ആതുരവൃത്തത്തിലുള്ളത്.

സ്വസ്ഥവൃത്തത്തിൽ ദിനചര്യ, ഋതുചര്യ, ആഹാരചര്യ, സദ് വൃത്തം എന്നിവ ഉൾപ്പെടുന്നു.

രോഗം വരാതിരിക്കാനുള്ള മാർഗ്ഗങ്ങൾ അവലംബിക്കുന്നതിൽ നല്ലൊരുഭാഗം ആൾക്കാരും വിമുഖരാണ്. രോഗം വന്നോട്ടെ, അപ്പോൾ മരുന്ന് കഴിക്കാം എന്ന ചിന്താഗതിക്കാരാണ് അധികവും.

എന്നാൽ അടുത്തകാലത്തായി, രോഗം വരാതിരിക്കാൻ എന്തുചെയ്യണം എന്നതിനെപ്പറ്റി കൂടുതൽ പേരെങ്കിലും ആരായാൻ തുടങ്ങിയിട്ടുണ്ട്.

ചെളിയിൽ ചവിട്ടിയിട്ട് കഴുകുന്നതിനേക്കാൾ, ചവിട്ടാതെ ദൂരെ മാറി നടക്കുന്നതാണ് നല്ലത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് നല്ലതെന്ന് സാരം. അതിൽ ഉൾപ്പെടുന്നതാണ് നമ്മൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന മാസ്‌ക് ധരിക്കലും അകലം പാലിക്കലും.

ആയുസിന്റെ രക്ഷയ്ക്കായി സ്വസ്ഥൻ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കണമെന്നാണ് അഷ്ടാംഗഹൃദയത്തിൽ പറയുന്നത്.

അപ്പോൾ ആരാണ് സ്വസ്ഥൻ, എന്താണ് ബ്രാഹ്മ മുഹൂർത്തം.

ശാരീരികവും മാനസികവുമായി യാതൊരുവിധ രോഗങ്ങളില്ലാത്തതും, പ്രസന്നമായ ആത്മാവ്, ഇന്ദ്രിയങ്ങൾ, മനസ്സ് എന്നിവയോടുകൂടിയതുമായ അവസ്ഥയിലുള്ള ആളിനെയാണ് സ്വസ്ഥൻ എന്നു പറയുന്നത്.

സൂര്യനുദിക്കുന്നതിന് രണ്ട് മണിക്കൂർ വരെ മുമ്പുള്ള സമയമാണ് ബ്രാഹ്മമുഹൂർത്തം.

ഉറക്കം ഒരുസംഭവം തന്നെ !

 ആരോഗ്യത്തോടെയിരിക്കാൻ രാവിലെ അഞ്ചു മണിക്കെങ്കിലും ഉണർന്നെഴുന്നേൽക്കണം. രാത്രി നേരത്തേ കിടന്നുറങ്ങുകയും വേണം. ശരീരത്തെ താങ്ങി നിർത്തുന്ന മൂന്ന് തൂണുകളിൽ ഒന്നാണ് ഉറക്കം അഥവ നിദ്ര.

 ഒരു ദിവസം കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങണം.

പകലുറക്കം നല്ലതല്ല. എന്നാൽ രാത്രി ഉറക്കമൊഴിയേണ്ടി വന്നാൽ, എത്ര സമയമാണോ ഉറക്കമൊഴിഞ്ഞത് അതിന്റെ പകുതി സമയം പകൽ ഉറങ്ങാവുന്നതാണ്.

 സുഖം, ദു:ഖം, ശരീരപുഷ്ടി , മെലിച്ചിൽ, ബലം, ബലഹീനത, സന്താനോല്പാദനശേഷി, നപുംസകത്വം, അറിവ്, അറിവില്ലായ്മ, ജീവിതം, മരണം ഇവയെല്ലാം നിദ്രയെ ആശ്രയിച്ചിരിക്കുന്നു. അകാലത്തിലുംഅധികവുമായുള്ള ഉറക്കവും തീരെ ഉറങ്ങാതിരിക്കുന്നതും സുഖത്തെയും ആയുസിനേയും നശിപ്പിക്കും.

 വേനൽക്കാലത്ത് മാത്രമാണ് പകൽ ഉറങ്ങാൻ വിധിച്ചിട്ടുള്ളത്.

എന്നാൽ, അധികമായി ജോലി ചെയ്യുന്നവർക്കും കോപം, ദുഃഖം, ഭയം എന്നിവ കൊണ്ട് തളർന്നിരിക്കുന്നവർക്കും, ശ്വാസംമുട്ടൽ, ഇക്കിൾ, വയറിളക്കം എന്നീ രോഗങ്ങളുള്ളവർക്ക് എല്ലാകാലത്തും ഉറങ്ങാം.

വയസായവർ, കുട്ടികൾ, ബലഹീനർ, വേദന കൊണ്ട് വലഞ്ഞിരിക്കുന്നവർ, അജീർണ്ണമുള്ളവർ, അടിയോ ചതവോ ഏറ്റവർക്കും കാലമില്ലാതെ പകൽ ഉറങ്ങാം.

 കിടന്നുള്ള പകൽ ഉറക്കം കഫത്തെ വർദ്ധിപ്പിക്കും. എന്നാൽ ഇരുന്നുള്ള ഉറക്കം കഫത്തെ അത്രകണ്ട് വർദ്ധിപ്പിക്കില്ല. അധികം വണ്ണമുള്ളവരും കഫം വർദ്ധിച്ചിരിക്കുന്നവരും പകൽ ഉറങ്ങരുത്. ആഹാരം കഴിച്ച ഉടനേയും ഉറങ്ങാൻ പാടില്ല.

 നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ ഊർജ്ജം ആവശ്യമായ പ്രക്രിയയാണ് ദഹനപ്രക്രിയ. ഉറങ്ങുമ്പോൾ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും മന്ദഗതിയിലാകുകയാണ് ചെയ്യുന്നത്.

അതിനാൽ ആഹാരം കഴിച്ച ഉടനെ ഉറങ്ങിയാൽ, ദഹനപ്രക്രിയ മന്ദഗതിയിലാകുന്നത് കാരണം ദഹനം ശരിയാകുകയില്ല. ഏറ്റവും കൂടുതൽ ഊർജ്ജം ആവശ്യമായ ദഹനപ്രക്രിയ നടന്നുകൊണ്ടിരിക്കുന്നതുകൊണ്ട് ഉറക്കവും കിട്ടില്ല.

അതായത് ആഹാരം കഴിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടേ ഉറങ്ങാൻ പാടുള്ളൂ.

 മിതമായ ആഹാരം കഴിക്കുകയും, ആഹാരശേഷം കുറച്ച് നടക്കുകയും, ഇടതുവശം ചരിഞ്ഞ് കിടന്നുറങ്ങുകയും ചെയ്യുന്നവർക്ക് വൈദ്യനെ കാണേണ്ട ആവശ്യം വരില്ലെന്നാണ് ശാസ്ത്രം പറയുന്നത്.

ഡോ. ബീന.എം
മെഡിക്കൽ ഓഫീസർ
ഗവ.ആയുർവേദ ഡിസ്പെൻസറി
പുല്ലമ്പാറ