പൂവാർ: അവഗണനയിൽ നശിച്ച് തിരുപുറം ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ കുളമായ എട്ടാം വാർഡിലെ കള്ളകുളം. ജലസമൃദ്ധിയോടെ മൂന്ന് ഏക്കറിലായി വ്യാപിച്ചിരുന്ന കുളം നവീകരണമില്ലാതെയും, കാട് മൂടിയും, കൈയേറ്റത്താലും നശിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ പറയുന്നു. പ്രദേശവാസികൾ വിവിധ ആവശ്യങ്ങൾക്കായും കൃഷിക്കും ഈ കുളത്തെ ആശ്രയിച്ചിരുന്നു. പ്രധാനമായും കള്ളകുളത്തോട് ചേർന്ന മുടമ്പിൽ ഏലായിലെ നെൽകർഷകരും മറ്റ് കൃഷിക്കാരും പ്രധാന ജസസ്രോതസായി ആശ്രയിച്ചിരുന്നത് കള്ളകുളത്തെയാണ്. കള്ളകുളം നശിക്കാൻ തുടങ്ങിയതോടെ പ്രദേശത്തെ കൃഷിയും ഭാഗികമായി നശിച്ചുപോയെന്ന് കർഷകർ പറയുന്നു. മുടമ്പിൽ ഏലായിലെ കൃഷിയെ ലക്ഷ്യമാക്കി കള്ളകുളത്തിൽ വെള്ളമെത്തിക്കുന്നതിന് രണ്ട് മാർഗങ്ങളാണ് സ്വീകരിച്ചിരുന്നത്. നെയ്യാർ ഇറിഗേഷൻ പ്രോജക്ടിന്റെ കിഴക്കുമുറി ഭാഗത്തു നിന്നും പ്ലാന്തോട്ടം വഴി ഒഴുകിയെത്തുന്ന വെള്ളം ചെറുതും വലുതുമായ രണ്ട് തൊട്ടിക്കുഴിയിൽ നിറഞ്ഞതിനു ശേഷം കുളത്തിൽ എത്തിക്കുന്നതായിരുന്നു ഒന്ന്. റോഡ് വികസനത്തിന്റെ ഭാഗമായി വലിയ തൊട്ടിക്കുഴി മൂടിയതോടെ അതുവഴി വെള്ളം വരാതായി. മറ്റൊന്ന് നെയ്യാറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് കുളത്തിൽ എത്തിക്കാൻ നടപ്പാക്കിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയായിരുന്നു. ഇതിനായി സ്ഥാപിച്ച പമ്പ് ഹൗസ്, കുഴിച്ചിട്ട പൈപ്പുകൾ തുടങ്ങിയവ നശിച്ചു കൊണ്ടിരിക്കുന്നു. കുളത്തിന്റെ ബണ്ടിലൂടെ റോഡ് എത്തിയതോടെ ഇതിനായി നിർമ്മിച്ച ഓടയും മൂടിപ്പോയി. പമ്പ് ഹൗസിന്റെ ഇലക്ട്രിക് ബിൽ ആരും അടയ്ക്കാതായതോടെ ഇതിന്റെ പ്രവർത്തനവും നിശ്ചലമായി. മഴവെള്ളമല്ലാതെ കുളത്തിൽ മറ്റൊരു മാർഗത്തിലൂടെയും വെള്ളം നിറയ്ക്കാൻ കഴിയാത്തതാണ് കുളം ഉപയോഗശൂന്യമായതെന്ന് ഗ്രാമപഞ്ചായത്ത് തിരുപുറം വാർഡ് മെമ്പർ ഷനോജ് പറഞ്ഞു. മഴക്കാലത്ത് ഒഴുകിയെത്തുന്ന മാലിന്യവും ചെളിയും നിറഞ്ഞ് കുളത്തിന്റെ ആഴം കുറഞ്ഞതോടെ സ്വാഭാവികമായ നീരുറവകളും വറ്റിപ്പോയി. കുളം നവീകരിച്ച് പൂർവ സ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരും കർഷകരും ഇപ്പോൾ ആവശ്യപ്പെടുന്നത്.
ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി
എല്ലാ കാലത്തും കുളത്തിൽ വെള്ളമെത്തിക്കാൻ അനുയോജ്യമായത് നെയ്യാറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് എത്തിക്കുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി തന്നെയാണ്. ഇതിനായി പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ഗ്രാമപഞ്ചായത്തിന്റെ വിശ്വാസം. ഇതിന്റെ തുടർച്ചയായി ഓട നവീകരിക്കുന്നതിന് 10 ലക്ഷം രൂപ ഗ്രാമ പഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്. സ്വാഭാവിക നീരുറവകളെ സംരക്ഷിക്കുന്നതിന് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഇവിടെ നടപ്പാക്കാനായിട്ടില്ല. ഇതിനായി എം.പി, എം.എൽ.എ തുടങ്ങിയവരെ സമീപിച്ചുവെങ്കിലും അനുകൂലമായ നടപടി ഇതുവരെ ഉണ്ടായില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.