തിരുവനന്തപുരം: ഓണക്കിറ്റിലെ ശർക്കരയുടെ തൂക്കം വെട്ടിച്ച കരാർ കമ്പനികളിൽ നിന്ന് കുറവുള്ള ശർക്കരയുടെ വിലയും അത് വീണ്ടും പായ്ക്ക് ചെയ്യാനുള്ള ചെലവും സപ്ളൈകോ ഈടാക്കും. ഭാവിയിൽ ഇവരെ വിലക്കാൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ആലോചനയുണ്ട്.
ഇനിയുള്ള കിറ്റുകളിലെ എല്ലാ സാധനങ്ങളുടെയും തൂക്കവും ഗുണവും ഉറപ്പാക്കാനും വിതരണം പൂർത്തിയായ ശേഷം കരാറുകാർക്കെതിരെ കർശന നടപടിയെടുക്കാനുമാണ് തീരുമാനം
ശർക്കരയുടെ ഓരോ പായ്ക്കറ്റിലും 50 മുതൽ 100 ഗ്രാം വരെ കുറവുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് ശർക്കര സപ്ളൈകോ വാങ്ങിയത്. സംസ്ഥാനത്തിനുള്ളിലെ ഏജൻസികളും കരാർ നേടിയിരുന്നു.
കുറവുള്ള പായ്ക്കറ്റിൽ ശേഷിച്ച അളവ് നിറച്ച് തൽക്കാലം റീ പായ്ക്ക് ചെയ്ത് നൽകണം. അധിക ശർക്കരയുടെ വില കമ്പനികൾ നൽകണം. റീ പായ്ക്കിംഗിന്റെ ചാർജ് കുറച്ചേ ബിൽ തുക നൽകൂ. വിതരണം പൂർത്തിയായ ശേഷം കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് ആലോചിക്കും. വരും ദിവസങ്ങളിലും പാക്കിംഗ് കേന്ദ്രങ്ങളിൽ വിജിലൻസ് പരിശോധന തുടരും. തൂക്കവും ഗുണ നിലവാരവും കർശനമായി പരിശോധിക്കാൻ ഡിപ്പോ മാനേജർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.
പിങ്ക് കാർഡിന്റെ കിറ്റ് എല്ലാ റേഷൻ കടകളിലും എത്തിച്ചു. നീല,വെള്ള കാർഡുകളുടെ കിറ്റിലെങ്കിലും പോരായ്‌മകൾ പരിഹരിക്കാനാണ് നീക്കം. ഗുണം കുറഞ്ഞ സാധനങ്ങൾക്ക് പർച്ചേസ് ഓർഡർ കൊടുത്തിട്ട് താഴേത്തട്ടിൽ ഗുണം ഉറപ്പാക്കുന്നത് എങ്ങനെയെന്നാണ് ഡിപ്പോ മാനേജർമാരുടെ ചോദ്യം.
''തൂക്കക്കുറവ് നേരത്തെ ശ്രദ്ധിച്ചിരുന്നു. അപ്പോൾ തന്നെ പരിഹരിക്കാനും നിർദ്ദേശം നൽകി''
- അസ്‌കർ അലി പാഷ, എം.ഡി, സപ്ളൈകോ