പിച്ചച്ചട്ടിയിൽ കൈയിട്ടു വാരരുതെന്ന പഴമൊഴി കാലഭേദമെന്യേ പ്രസക്തമാണ്. സംസ്കാരചിത്തരെന്നു കരുതുന്ന മനുഷ്യർ ഒരിക്കലും ആ അധമത്തരം ചെയ്യാറുമില്ല. എന്നാൽ സംസ്ഥാന സിവിൽ സപ്ളൈസ് കോർപ്പറേഷനിലെ ഉന്നതന്മാരും അവരുടെ ശിങ്കിടികളും ചേർന്ന് കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന കൈയിട്ടുവാരലിന് ഇപ്പോഴും കുറവൊന്നുമില്ലെന്നാണ് ഓണക്കിറ്റ് വിതരണത്തിനു പിന്നിലെ കാണാക്കാഴ്ചകൾ വെളിപ്പെടുത്തുന്നത്. സംസ്ഥാനത്തെ റേഷൻ കാർഡുകാർക്ക് സർക്കാരിന്റെ ഓണസമ്മാനമായിട്ടാണ് അഞ്ഞൂറു രൂപയുടെ ഓണക്കിറ്റ് വിതരണം. കിറ്റിൽ ഉൾക്കൊള്ളിച്ച അവശ്യസാധനങ്ങളുടെ ഗുണനിലവാരവും തൂക്കക്കുറവുമാണ് നാട്ടിലെമ്പാടും ഇപ്പോൾ പ്രധാന ചർച്ചാവിഷയം. നേരത്തെ പറഞ്ഞതിൻ പ്രകാരമുള്ള സാധനങ്ങളും കിറ്റിൽ കാണാനില്ലെന്ന പരാതിയും കൂട്ടത്തിലുണ്ട്. സർക്കാർ സദുദ്ദേശത്തോടെ കൊണ്ടുവന്ന ഒരു നല്ല ഉദ്യമം ഇത്രയധികം ആക്ഷേപങ്ങൾക്ക് ഇടവരുത്തിയെങ്കിൽ തീർച്ചയായും അതിനു പിന്നിൽ നിക്ഷിപ്ത താത്‌പര്യക്കാരുടെ ഒടുങ്ങാത്ത അഴിമതിയും ഹിമാലയത്തെയും കവർന്നെടുക്കാനുള്ള ദുരയും തന്നെയാകും കാരണം. ഇതുമായി ബന്ധപ്പെട്ടു പുറത്തുവന്നുകൊണ്ടിരിക്കുന്ന വസ്തുതകൾ പലതും സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ തലപ്പത്തു നടമാടുന്ന ക്രമവിരുദ്ധമായ ഇടപെടലുകളിലേക്കും കുത്തഴിഞ്ഞ പ്രവർത്തനശൈലിയിലേക്കുമാണു വിരൽചൂണ്ടുന്നത്.
ഓണക്കിറ്റിനെക്കുറിച്ച് പരാതികൾ വ്യാപകമായതോടെ വിജിലൻസ് വകുപ്പ് ഇക്കഴിഞ്ഞ നാളുകളിൽ പാക്കിംഗ് കേന്ദ്രങ്ങളിലും വിതരണ കേന്ദ്രങ്ങളിലും മിന്നൽ പരിശോധന നടത്തുകയുണ്ടായി. പരാതികൾക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. പല സാധനങ്ങളും തൂക്കത്തിൽ കുറവായിരുന്നു. കിറ്റുകളിൽ ചിലതിൽ എല്ലാ സാധനങ്ങളും ഇല്ലായിരുന്നു. പാക്കറ്റുകളിൽ പലതിലും വില്പന വിലയും രേഖപ്പെടുത്തിയിരുന്നില്ല. ഒട്ടുമിക്ക സാധനങ്ങളുടെയും ഗുണനിലവാരവും മോശമായിരുന്നു. എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥ വീഴ്ച മറയില്ലാതെ പ്രകടമാകും വിധത്തിലാണ് ഓണക്കിറ്റ് തയ്യാറാക്കലും വിതരണവും നടക്കുന്നതെന്ന് പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. ഒട്ടും തന്നെ 'ക്ളീൻ" അല്ലാത്ത വിധമാണ് സംഭരണം മുതൽ വിതരണം വരെയുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുള്ളത്. വിതരണം ഇപ്പോഴും നടക്കുന്നതിനാൽ ഇനിയുള്ള കിറ്റുകളെങ്കിലും ആക്ഷേപമില്ലാത്ത വിധം കാർഡുടമകൾക്ക് ലഭ്യമാക്കാൻ നടപടി എടുക്കുമെന്നാണ് ഭക്ഷ്യവകുപ്പിന്റെ ഉറപ്പ്. പകുതിയിലേറെ കാർഡുകാരും ഇതിനകം കിറ്റ് വാങ്ങിക്കഴിഞ്ഞ നിലയ്ക്ക് ഈ ഉറപ്പു അവരെ സംബന്ധിച്ചിടത്തോളം നിഷ്‌പ്രയോജനമാണ്.
ഓണത്തിന് എല്ലാ കാർഡുകാർക്കും അവശ്യസാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യാൻ സർക്കാർ നേരത്തെ തന്നെ തീരുമാനം എടുത്തതാണ്. ടെൻഡർ ക്ഷണിച്ച് സാധനങ്ങൾ വരുത്തി പാക്ക് ചെയ്യാൻ വേണ്ടത്ര സമയം ലഭിച്ചതാണ്. സാധനങ്ങൾ വാങ്ങിയതിൽ വലിയ തോതിൽ ക്രമക്കേട് നടന്നതായുള്ള വാർത്തകളും വന്നുകൊണ്ടിരിക്കുകയാണ്. എൺപത്തെട്ടുലക്ഷം കാർഡുകാർക്ക് കിറ്റ് തയ്യാറാക്കി നൽകുന്നത് ബുദ്ധിമുട്ടുള്ള ജോലി തന്നെയാണ്. എന്നാൽ ഇതിലേറെ സാധനങ്ങൾ ഉൾക്കൊള്ളിച്ച് കൊവിഡിന്റെ തുടക്കത്തിൽ എല്ലാ കാർഡുകാർക്കും അവശ്യസാധന കിറ്റ് വിതരണം വലിയ ആക്ഷേപങ്ങൾക്കിടയാകാത്ത വിധം ഇവിടെ നടന്നതാണ്. സിവിൽ സപ്ളൈസ് കോർപ്പറേഷൻ തന്നെയാണ് അന്നും ഈ ദൗത്യം നിർവഹിച്ചത്. ഇതുപോലുള്ള വലിയ സംരംഭങ്ങൾ ഏറ്റെടുക്കുമ്പോൾ സാധനങ്ങൾ വാങ്ങുന്നതിലും വില നിശ്ചയിക്കലുമൊക്കെ ക്രമക്കേടുകൾ നടക്കാനുള്ള സാദ്ധ്യത ഏറെയാണ്. കൃത്യമായ മോണിട്ടറിംഗും പരിശോധനകളും ഉറപ്പാക്കിയാലേ അതു നിയന്ത്രിക്കാനാവൂ. അവശ്യസാധനങ്ങൾ വൻതോതിൽ വാങ്ങുമ്പോൾ അതിനു പിന്നിൽ ഒപ്പം തന്നെയുള്ള കമ്മിഷനും തിരിമറിയുമൊക്കെ പണ്ടേ ഉള്ളതാണ്. സിവിൽ സപ്ളൈസിൽ ഉന്നതരന്മാരടക്കം പലരുടെയും കസേര തെറിക്കുന്നതിനു കാരണവും ഇത്തരം ക്രമവിരുദ്ധമായ ഇടപാടുകളാണ്. ഗുണമേന്മയില്ലാത്ത സാധനങ്ങൾ വാങ്ങുന്നതിനു പിന്നിലും കോഴയുടെ സ്വാധീനമുണ്ട്. സാധനങ്ങൾ സൗജന്യമായി നൽകാൻ ഉദ്ദേശിച്ചുള്ളതാകുമ്പോൾ ഗുണനിലവാരം വേണ്ടതില്ല എന്ന മട്ടിലാകും പലപ്പോഴും ഇടപാടുകൾ. ദാനം കിട്ടിയ പശുവിന് പല്ലുണ്ടോ എന്ന് നോക്കരുതെന്നാണു പ്രമാണം. സൗജന്യ കിറ്റിന്റെ കാര്യത്തിലും ആ വിചാരമുള്ളതിനാലാണ് അധികം പേരും ഈ സൗജന്യം വലിയ ഭാഗ്യമായി കരുതുന്നത്. എന്നാൽ സർക്കാർ ഖജനാവിൽ നിന്ന് വളരെ വലിയ തുക മുടക്കി ജനങ്ങൾക്കു നൽകുന്ന ഒരു ആനുകൂല്യത്തിന്റെ മറപറ്റി ഒരു പറ്റം ആളുകൾ അളവറ്റ തോതിൽ നേട്ടമുണ്ടാക്കുന്നത് അനുവദിക്കാനാവില്ല. പൊതുവിതരണത്തിനായി വാങ്ങുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേക സംവിധാനവും ഉദ്യോഗസ്ഥന്മാരുമൊക്കെ ഉള്ളതാണ്. എന്നിട്ടും തുടർച്ചയായി ഇങ്ങനെ വീഴ്ച സംഭവിക്കുന്നത് തെറ്റു കാണിച്ചാലും വലിയ ശിക്ഷയൊന്നുമുണ്ടാകാത്തതുകൊണ്ടാണ്. സ്ഥാനമാനങ്ങൾ അഴിമതിയിലൂടെ സമ്പാദിച്ചുകൂട്ടാനും ജനങ്ങളെ കബളിപ്പിക്കാനും വേണ്ടിയാണെന്നു കരുതുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിറുത്തുക തന്നെ വേണം. കിറ്റ് വിതരണത്തിൽ വിശ്വാസവഞ്ചനയ്ക്കു കൂട്ടുനിന്ന ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുക തന്നെ വേണം. പരാതികൾ ഉയരുമ്പോൾ വിജിലൻസിന്റെ മിന്നൽ പരിശോധനയും നെടുങ്കൻ പ്രഖ്യാപനങ്ങളുമൊക്കെ പതിവാണ്. എന്നാൽ എല്ലാം ആറിത്തണുക്കുന്നതോടെ തുടർ നടപടികൾ പരണത്താകും. ഇവിടെ സ്ഥിരം അരങ്ങേറുന്ന പ്രഹസനമാണിതൊക്കെ. ഓണക്കിറ്റ് വഴി ഭാഗ്യദേവത കടാക്ഷിച്ചവർ ആരൊക്കെയെന്ന് വിജിലൻസ് കണ്ടെത്തുമോ എന്നറിയില്ല. ഏതായാലും ഇതുസംബന്ധിച്ച തുടർ നടപടിയുടെ വിവരങ്ങൾ ജനങ്ങളെ അറിയിക്കണം.
കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് എപ്പോഴും പരാതികൾ കൂടി ഉയരുന്നതു പരിഗണിച്ച് ഈ സമ്പ്രദായത്തിൽ മാറ്റം ആവശ്യമായിട്ടില്ലേ എന്ന് ചിന്തിക്കേണ്ട സമയമായി. കിറ്റിനു പകരം അതിനു മുടക്കാനുദ്ദേശിക്കുന്ന തുക പണമായിത്തന്നെ ഗുണഭോക്താക്കളിൽ എത്തിക്കുന്നതല്ലേ നല്ലത്? ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരായി ഇന്ന് ആരുമില്ല. അതിനാൽ ആനുകൂല്യം എളുപ്പത്തിൽ അവരിലെത്തിക്കാനാകും. സാധനങ്ങൾ വാങ്ങുന്നതിലുണ്ടാകുന്ന അഴിമതിയും ക്രമക്കേടും പാടേ തടയാൻ കഴിയും. പാക്കിംഗിനും വിതരണത്തിനും വേണ്ടിവരുന്ന ഭാരിച്ച ചെലവും ഒഴിവാക്കാം. പലരുടെയും 'വയറ്റത്തടി"ക്കുന്ന പരിഷ്കാരമാണിതെങ്കിലും പരാതികൾ പാടേ ഒഴിവാക്കാൻ കഴിയുമെന്ന ഗുണമുണ്ട്. ഓണവിഭവങ്ങൾ വാങ്ങാനായി ജനങ്ങൾ തിരക്കുകൂട്ടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഓണക്കിറ്റ് ഒരുക്കിയത്. എന്നാൽ വിഭവങ്ങൾ ശുഷ്കവും ആവശ്യത്തിനു മതിയാകാത്തതുമാകയാൽ കടകളെത്തന്നെ ആശ്രയിക്കേണ്ടിവരും.