തിരുവനന്തപുരം: കരളിനെ കാർന്നു തിന്നുന്ന കാൻസർ. 20 വർഷം മുൻപ് ഒപ്പം കൂടിയ പേരറിയാത്ത മറ്റൊരു രോഗം. തീരാവേദനകൾ, അന്നം മുട്ടാതിരിക്കാനുള്ള തത്രപ്പാടുകൾ... സരികയ്ക്ക് (35) ചെറുപ്പം മുതലേ ജീവിതം കൊടും പരീക്ഷണമാണ്. തോറ്റു കൊടുക്കാതെ, അതിജീവനത്തിനായുള്ള പോരാട്ടം തുടരുന്നു അവൾ.
ഇപ്പോൾ ബിരിയാണി വിൽപ്പനക്കാരിയുടെ വേഷമാണ് സരികയ്ക്ക്. നാല് മാസം മുൻപ് പാളയത്ത് തയ്യൽക്കാരിയായിരുന്നു. കൊവിഡ് ആ വഴിമുടക്കിയപ്പോഴാണ് ബിരിയാണിയുണ്ടാക്കി ഓർഡറനുസരിച്ച് വീട്ടിലെത്തിച്ച് നൽകാൻ തുടങ്ങിയത്. സ്കൂട്ടറിൽ സരിക തന്നെ ബിരിയാണി എത്തിക്കും. സ്കൂട്ടറോടിക്കാൻ ആരോഗ്യം അനുവദിക്കാത്ത ദിവസങ്ങളിൽ സഹോദരിമാരുടെ മക്കൾ ഏറ്റെടുക്കും.
'ലാഭമൊന്നും വേണ്ട, ജീവിക്കാനുള്ളത് മാത്രം മതി, പട്ടിണി കിടക്കാതിരിക്കണം...' ഇത്രയും ആഗ്രഹമേയുള്ളൂ സരികയ്ക്ക്. 70 രൂപയാണ് ഒരു ബിരിയാണിയുടെ വില. അഞ്ച് എണ്ണത്തിന് 250 രൂപ എന്ന കോമ്പോ ഓഫറുമുണ്ട്.
പേരൂർക്കടയിലെ വാടകവീട്ടിൽ രണ്ട് ചേച്ചിമാർക്കും അവരുടെ വിദ്യാർത്ഥികളായ മക്കൾക്കുമൊപ്പമാണ് താമസം. ചേച്ചിമാർക്കും ജോലിയൊന്നുമില്ല. ബിരിയാണിയുണ്ടാക്കാനും വില്ക്കാനും ഇവരും സഹായിക്കുന്നു. ദിവസം 100-150 ബിരിയാണി ഓർഡറുകൾ വരുന്നുണ്ടെങ്കിലും 50ൽ കൂടുതൽ ഉണ്ടാക്കി വിൽക്കാനുള്ള സൗകര്യങ്ങളില്ല. വിപുലമായ രീതിയിൽ തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, അതത് ദിവസത്തെ ചെലവിനും മരുന്നിനും മാറ്റിയാൽ കൈയിൽ ചില്ലിക്കാശ് മിച്ചമുണ്ടാവില്ല.
തിരുവനന്തപുരം പനവിളയിൽ മൂന്നു പെൺമക്കളും ആൺതരിയുമടങ്ങിയ ദരിദ്ര കുടുംബത്തിലെ ഇളയവളാണ് സരിക. അമ്മ കാൻസർ ബാധിച്ച് നാല് വർഷം മുൻപ് മരിച്ചു. അച്ഛൻ കൈകാലുകൾ തളർന്ന് കിടപ്പിലാണ്. സഹോദരന് കുടുംബമായപ്പോൾ, വിധവകളായ സഹോദരിമാരെയും അവരുടെ മക്കളെയും കൂട്ടി പേരൂർക്കടയിൽ വാടകവീട്ടിലേക്ക് മാറി.
20 വർഷം മുൻപ്, പത്താം ക്ലാസിൽ പഠിക്കുമ്പോൾ കണ്ണ്, മൂക്ക്, ചെവി, രോമകൂപങ്ങൾ എന്നിവിടങ്ങളിൽ നിന്ന് രക്തം വരുന്ന അസുഖം സരികയെ ബാധിച്ചു. ആശുപത്രികളിൽ കയറിയിറങ്ങിയെങ്കിലും അസുഖമെന്തെന്ന് പോലും തിരിച്ചറിയാൻ സാധിച്ചില്ല. അതുകൊണ്ടുതന്നെ കൃത്യമായ മരുന്നുമില്ല. തലവേദനയും ഒപ്പമുണ്ടാകും.
ശ്വാസകോശത്തിലും കരളിലും കാൻസർ ബാധിച്ചിട്ട് മൂന്ന് വർഷമായി. ആർ.സി.സിയിലാണ് ചികിത്സ. കീമോ ചെയ്യുന്നുണ്ട്. കുറഞ്ഞിരുന്ന അസുഖം ഇപ്പോൾ തലപൊക്കിത്തുടങ്ങിയെങ്കിലും പിന്മാറാൻ സരികയ്ക്ക് മനസില്ല.
'തയ്യൽക്കട വീണ്ടും തുറക്കണം. ബിരിയാണിക്കച്ചവടവും തുടരണം. ഒരു രോഗത്തിനും എളുപ്പമൊന്നും എന്നെ കീഴടക്കാനാവില്ല"- അവശത ഉള്ളിലൊതുക്കി സരിക പറയുമ്പോൾ ആ കണ്ണുകളിൽ വലിയ പ്രതീക്ഷ. സരികയുടെ ഫോൺ: 9895561212.
'വീടിന്റെയും തയ്യൽ കടയുടെയും വാടക കൊടുക്കണം. മരുന്നിനടക്കം മറ്റ് ചെലവുകളുണ്ട്. സ്വന്തമായി വീടെന്ന ആഗ്രഹമൊക്കെ ഒരുപാട് അകലെയാണ് ".
- സരിക