വിൽപ്പന വൈകിട്ട് 7 വരെയാക്കണം
തിരുവനന്തപുരം: ഓണക്കാലത്തെ പൂരക്കാഴ്ചയാണ് ബിവറേജസിലെ മദ്യക്കച്ചവടം. ഓണം ഒഴിയുമ്പോൾ ആകാംക്ഷ നിറച്ചെത്തുന്നത് കുടിച്ച് തീർത്ത മദ്യത്തിന്റെ കണക്കും. പക്ഷേ, കൊവിഡിന്റെ ഈ ഒാണത്തിന് മദ്യ വിൽപ്പന പഴയതു പോലെ ഉഷാറാവുന്നില്ല. ആപ്പ് വന്നതും മറ്റൊരു ആപ്പായി. ഈ സാഹചര്യത്തിൽ വിൽപ്പന രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാക്കണമെന്നാണ് ആവശ്യം.ഇപ്പോൾ വൈകിട്ട് 5 വരെയാണ് . വിൽപ്പന കുറവായതിനാൽ സമയം നീട്ടിക്കിട്ടാൻ സർക്കാരിന് അപേക്ഷ കൊടുത്തതായി ബിവറേജസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ജി.സ്പർജൻ കുമാർ പറഞ്ഞു. ആപ്പ് പിൻവലിക്കണമെന്ന് ബെവ്കോയിലെ ജീവനക്കാരുടെ സംഘടനയും ആവശ്യപ്പെടുന്നു. ആപ്പ് വഴിയുള്ള ബുക്കിംഗിൽ ഭൂരിഭാഗവും ബാറുകളിലേക്കാണ് പാേകുന്നത്. ബുക്കിംഗില്ലാതെയും അവിടെ മദ്യം കിട്ടും. പ്രതിദിനം ശരാശരി 400 ടോക്കണുകൾ ലഭിക്കേണ്ടിടത്ത് ,ബിവറേജസിന്റെ ഔട്ട് ലെറ്റുകളിൽ കിട്ടുന്നത് 150ൽ താഴെ.
ബുക്കിംഗിന് ഇളവ്
ബെവ്ക്യൂ ആപ്പ് വഴി നാല് ദിവസത്തിലൊരിക്കൽ ഏർപ്പെടുത്തിയിരുന്ന ബുക്കിംഗ് ഒന്നിട വിട്ട ദിവസങ്ങളിലാക്കി. കഴിഞ്ഞ വർഷം മുതൽ തിരുവോണത്തിന് കച്ചവടമില്ല. ഉത്രാടം കഴിഞ്ഞാൽ പിന്നെ മൂന്ന് ദിവസം അവധിയാണ്.