ksrtc

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിയിൽ പുതിയതായി ചാർജെടുത്ത മാനേജിംഗ് ഡയറക്ടർ ജീവനക്കാർക്കും പൊതുസമൂഹത്തിനും പ്രതീക്ഷ നൽകുന്നു.

ചാർജെടുത്ത് 45 ദിവസത്തിനുള്ളിൽ നിരവധി പ്രവർത്തനങ്ങളിലൂടെ ജീവനക്കാരുടെ പ്രീതി പിടിച്ചുപറ്റുന്നതിന് അദ്ദേഹത്തിനായി.

19 മാസത്തെ എൽ.ഐ.സി തുക പകുതിയോളം അടയ്ക്കാനായി. എൻ.ഡി.ആർ അടച്ചു; ജീവനക്കാരുടെ എൻ.പി.എസിൽ കുടിശികയുണ്ടായിരുന്നതിൽ നല്ലൊരു ശതമാനവും അടച്ച് തീർത്തു. ഒന്നര വർഷം കുടിശികയുണ്ടായിരുന്ന പി.എഫ് ലോൺ തുക 2020 മാർച്ച് വരെയുള്ളത് കൊടുത്തുതീർത്തു.

ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകുന്നതിന് കഴിയുന്നു. ചുരുങ്ങിയ കാലംകൊണ്ട് ജീവനക്കാരുടെയും തൊഴിലാളികളുടെയും മനസിൽ പ്രതീക്ഷകളുടെ വസന്തകാലം തീർക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു.

കോട്ടൂർ ജയചന്ദ്രൻ

ശമ്പള കമ്മിഷന്റെ ശ്രദ്ധയ്ക്ക്

സർക്കാർ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും ശമ്പളത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിഷന്റെ കാലാവധി, ഈ ഡിസംബർ 31 വരെ നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്ന ഈ വേളയിൽ കമ്മിഷനോട് ഒരു അഭ്യർത്ഥനയുണ്ട്.

സംസ്ഥാനത്തിന്റെ മൊത്ത വരുമാന സ്രോതസ്സിൽ ഏതാണ്ട് 56 ശതമാനവും ശമ്പളം, പെൻഷൻ എന്നിവയ്ക്കാണ് ചെലവിടുന്നത്. പക്ഷെ, വരുമാന മാർഗമായി ലോട്ടറിയും മദ്യവും ജി.എസ്.ടിയും മാത്രമായി നിലനില്ക്കുകയും ചെയ്യുന്ന ഈ പ്രത്യേക സാഹചര്യത്തിൽ, ശമ്പള വർദ്ധനവിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു. കൊവിഡ് എന്ന മഹാമാരി സൃഷ്ടിച്ച അധിക സാമ്പത്തിക ബാദ്ധ്യത; പ്രവാസികളുടെ കൂട്ടത്തോടെയുള്ള മടക്കം, എല്ലാ രീതിയിലുമുള്ള സാമ്പത്തിക ഞെരുക്കം - ഇവയുടെ ഒക്കെ പശ്ചാത്തലത്തിൽ, പരമാവധി ശമ്പള വർദ്ധനവ് 10 ശതമാനമാക്കി, നിജപ്പെടുത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

വി.ജി. പുഷ്കിൻ

വട്ടിയൂർക്കാവ്