തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന പദ്ധതിയുമായി സർക്കാരിന് ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് ജനങ്ങൾക്ക് ബോദ്ധ്യമായ സാഹചര്യത്തിൽ , തിങ്കളാഴ്ച നടക്കുന്ന നിയമസഭാ സമ്മേളനത്തിന് മുമ്പ് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വടക്കാഞ്ചേരി പദ്ധതിക്ക് പണം മുടക്കുന്നത് റെഡ്ക്രസന്റാണെന്നും, ഭൂമി നൽകിയതിനപ്പുറത്തേക്ക് സർക്കാരിനിതിൽ കാര്യമില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിലെ കൺസൾട്ടന്റായ യൂണിടാക്കുമായി ബന്ധമില്ലെന്നും പറഞ്ഞു. ഇതെല്ലാം പച്ചക്കള്ളമാണെന്നാണ്പുറത്തുവന്ന രേഖകൾ പറയുന്നത്. 2019 ആഗസ്റ്റ് 22ന് യുണിടാക് സമർപ്പിച്ച പദ്ധതി രൂപരേഖ ഗംഭീരമായതിനാൽ പദ്ധതി അവർക്ക് തന്നെ നൽകണമെന്ന് കാട്ടി ആഗസ്റ്റ് 26നാണ് ലൈഫ് മിഷൻ സി.ഇ.ഒ കുറിപ്പെഴുതുന്നത്. . സർക്കാരിന്റെയും ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രിയുടെയും കാർമ്മികത്വത്തിലാണ് അഴിമതിയും കൊള്ളയും കോഴയിടപാടും നടന്നത്. 4.25 കോടിയാണ് യഥാർത്ഥ കമ്മിഷനെന്ന് വെളിപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവാണ്.തനിക്കും ഇക്കാര്യമറിയാമെന്ന് ധനമന്ത്രി ഐസക് പറഞ്ഞതും വസ്തുതകൾക്ക് ബലമേകി. നിയമമന്ത്രി എ.കെ. ബാലനും ഇത് ശരിവച്ചതോടെ കോഴക്കാര്യം ഇവർക്കെല്ലാമറിയാമായിരുന്നെന്ന് സ്വയം സമ്മതിക്കുകയാണ്.
സംസ്ഥാനത്തിന്റെ ഫ്ലാഗ്ഷിപ് പദ്ധതിയായ ലൈഫ് മിഷനിൽ വൻതുകയുടെ കോഴയിടപാട് നടക്കുന്നതറിഞ്ഞിട്ടും ധനമന്ത്രി തോമസ് ഐസക് അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കാതിരുന്നത് ഗുരുതരമായ തെറ്റാണ്. കോഴ സാക്ഷിയായ ഈ മന്ത്രിയാണോ നികുതി വെട്ടിപ്പ് തടയാൻ ഉദ്യോഗസ്ഥരെ ഉപദേശിക്കേണ്ടത്?. സ്വന്തം കീഴിലുള്ള ട്രഷറിയിൽ കോടികളുടെ വെട്ടിപ്പ് നടന്നതിന് മൂകസാക്ഷിയായ മന്ത്രി അവതരിപ്പിക്കുന്ന ധനബില്ലിനും ബഡ്ജറ്റിനും എന്ത് പരിപാവനതയാണുള്ളത്?
കോഴ ആരോപണത്തിൽ തനിക്കുത്തരവാദിത്വമില്ലെന്ന് നാട്ടുകാരെ ബോദ്ധ്യപ്പെടുത്താനുള്ള വിഫലശ്രമമാണ് ഫയലുകൾ വിളിപ്പിച്ചതിലൂടെ മുഖ്യമന്ത്രി നടത്തുന്നത്.യോഗത്തിന്റെ മിനിട്സ് പുറത്തു വന്നാൽ മുഖ്യമന്ത്രി കുഴപ്പത്തിലാകുമെന്ന ഭയമാണ് മിനിട്സില്ലെന്ന ലൈഫ് മിഷൻ സി.ഇ.ഒയുടെ വെളിപ്പെടുത്തലിന് പിന്നിൽ. . ഓണക്കിറ്റിലും അഴിമതിയെന്ന വാർത്തയാണിപ്പോൾ വരുന്നത്- ചെന്നിത്തല പറഞ്ഞു.