കടയ്ക്കാവൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിയിരുന്ന കടയ്ക്കാവൂരിലെ മത്സ്യ വിപണനത്തിന് ഉപാധികളോടെ ഇളവ് നൽകി. ആർ.ഡി.ഒ ജോൺസാമുവലിന്റെ നേതൃത്വത്തിൽ മാമ്പള്ളി പാരിഷ് ഹാളിൽ പഞ്ചായത്ത് ഭരണസമിതിയുടെയും ഫെറോന വൈദികരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് മറ്റുപ്രദേശങ്ങളിലേക്ക് മത്സ്യ വിപണനത്തിന് പോകാൻ അനുവദിച്ചത്.

നേരത്തെ ഇളവുണ്ടായിരുന്നിട്ടും തീരദേശവാസികളുടെ മീനിന് വേണ്ടത്രവില കിട്ടുന്നില്ലെന്നും മറ്റിടങ്ങളിലേക്ക് വില്പനയ്ക്ക് പോകുമ്പോൾ പ്രശ്നങ്ങളുണ്ടാവുന്നതായും പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇളവുകൾ നൽകിയത്. പ്രദേശത്തെ മത്സ്യകച്ചവടക്കാർക്കും പുറത്തു നിന്ന് വാങ്ങാനെത്തുന്നവർക്കും ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മറ്റുപ്രദേശങ്ങളിൽ വിപണനത്തിന് പോകാൻ അനുവദിക്കും.

കടയ്ക്കാവൂർ, വക്കം, വർക്കല, ചിറയിൻകീഴ്, ചെറുന്നിയൂർ, ആറ്റിങ്ങൽ, കിളിമാനൂർ, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ മത്സ്യ വിപണനത്തിന് പ്രത്യേക ഇടങ്ങളൊരുക്കാനും ആർ.ഡി.ഒ നിർദ്ദേശിച്ചു. സുരക്ഷ ഉറപ്പാക്കാൻ ആറ്റിങ്ങൽ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് യേശുദാസൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നെൽസൺ, സോണൽ ഓഫീസർ പ്രശാന്തൻകാണി, ഡിവൈ.എസ്.പി അശോകൻ, നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണബാബു, മെഡിക്കൽ ഓഫീസർ ഡോ. ശ്യാംജിവോയിസ് തുടങ്ങിയവർ പങ്കെടുത്തു.