d

കിളിമാനൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ആതുരാലയങ്ങളിലെല്ലാം കടുത്ത ജാഗ്രത തുടരുമ്പോൾ പരിചരണം കിട്ടാതെ വലയുന്ന കിടപ്പുരോഗികൾക്ക് ആശ്വാസവുമായി സഞ്ജീവനി സെക്കൻഡറി പാലിയേറ്റീവ് കെയർ യൂണിറ്റ്. കിളിമാനൂർ ബ്ളോക്ക് പഞ്ചായത്തിന്റെ കീഴിൽ കേശവപുരം കമ്മ്യൂണിറ്രി ഹെൽത്ത് സെന്ററിലാണ് സഞ്ജീവനിയുടെ പ്രവർത്തനം. ബ്ളോക്ക് പഞ്ചായത്തിലെ മുഴുവൻ കിടപ്പുരോഗികൾക്കും പരിചരണവുമായി എത്തുന്ന യൂണിറ്രിന്റെ പ്രവർത്തനം ജില്ലയ്ക്കാകെ മാതൃകയാകുകയാണ്.

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് ഒരു ആംബുലൻസും ആശുപത്രിയിലെ എൻ.എച്ച്.എം നിയമിച്ച നഴ്സിനെയും ഫിസിയോ തെറാപ്പിസ്റ്റിനെയും അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ ബ്ളോക്ക് പ്രോജക്ട് ഫണ്ട് ഉപയോഗിച്ച് നിയമിച്ച രണ്ട് ജീവനക്കാരും സഞ്ജീവനിയുടെ ഭാഗമാണ്. കാൻസർ, കിഡ്നി രോഗം മുതലായവയ്ക്കുള്ള വിലകൂടിയ മരുന്നുകളും സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഇങ്ങനെ കിടപ്പുരോഗികൾക്കും വയോധികർക്കും മാരകരോഗങ്ങൾ പിടിപെട്ടവർക്കുമെല്ലാം കൊവിഡ് കാലത്തും ഏറെ ആശ്വാസകരമാണ് സഞ്ജീവനിയുടെ പ്രവർത്തനങ്ങൾ.