തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പിലുള്ള നഴ്സിംഗ് വിദ്യാർത്ഥികൾ സ്‌റ്റൈപ്പൻഡ് വർദ്ധനയ്ക്കായി അനിശ്ചിതകാല സമരം തുടങ്ങി. സ്റ്റാഫ് നഴ്സുകൾക്ക് തുല്യമായ തുക വേണമെന്നാവശ്യപ്പെട്ട് 375 വിദ്യാർത്ഥികളാണ് സമരത്തിലുള്ളത്. നഴ്‌സിംഗ് കോഴ്‌സിലെ ബോണ്ടിൽ നിർബന്ധിത സേവനമുള്ളപ്പോൾ മുൻകൂട്ടി നോട്ടീസ് നൽകാതെ സമരം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.
സ്‌റ്റൈപ്പൻഡ് വർദ്ധന ആവശ്യപ്പെട്ടുള്ള ഫയൽ ധനകാര്യവകുപ്പിന്റെ പരിഗണയിലിരിക്കുമ്പോഴുള്ള സമരം അനാവശ്യമാണെന്നും ആരോഗ്യവകുപ്പ് വാദിക്കുന്നു. അതേസമയം സമരം അവസാനിപ്പിച്ചില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും എപ്പിഡമിക് ഡിസീസ് ആക്ട് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും പല മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരും ഭീഷണിപ്പെടുത്തുകയാണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
കൊവിഡ് ഡ്യൂട്ടിയിലുൾപ്പെടെയുള്ളവർ സമരത്തിലായത് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും ആശങ്കയുണ്ട്. സി.എൻ.എസ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സമരം സ്‌റ്റൈപ്പൻഡ് വർദ്ധിപ്പിക്കും വരെ തുടരാനാണ് തീരുമാനം. സർക്കാർ കോളേജുകളിലെ ബി.എസ്.ഇ, ജനറൽ നഴ്‌സിംഗ്
കോഴ്സ് പൂർത്തിയാക്കിയ ശേഷം കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ രജിസ്‌ട്രേഷനോടുകൂടി മെഡിക്കൽ കോളേജുകളിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പിന് പ്രവേശിച്ചവരാണിവർ.
2016 മുതൽ 13,900 രൂപയാണ് ഇവർക്ക് ലഭിക്കുന്നത്. ഇത് സ്റ്റാഫ് നഴ്‌സിന് ലഭിക്കുന്ന അടിസ്ഥാന ശമ്പളമായ 27,800 രൂപയാക്കണമെന്നാണ് ആവശ്യം. ഒന്നരവർഷമായി ഇതുസംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണെങ്കിലും വർദ്ധനയുണ്ടായില്ല. കൊവിഡ് പ്രതിരോധത്തിലുള്ള മറ്റുള്ളവരുടെ ശമ്പളം വർദ്ധിപ്പിച്ചെങ്കിലും നഴ്സിംഗ് വിദ്യാർത്ഥികളെ പരിഗണിച്ചില്ല. ഇതേത്തുടർന്നാണ് സമരം തുടങ്ങിയത്.
370 വനിതകൾ, അഞ്ച് പുരുഷൻമാരും
സമരത്തിലുള്ള 375 പേരിൽ 370ഉം വനിതകളാണ്. അഞ്ചു പുരുഷൻമാർ മാത്രമാണുള്ളത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാരിപ്പള്ളി മെഡിക്കൽ കോളേജുകളിലാണ് ഇവർ ജോലിചെയ്യുന്നത്.
മടക്കിവിളിച്ച് പ്രതിരോധം
ഇന്റൺഷിപ്പുകാരുടെ സമരത്തെ തുടർന്ന് സർക്കാർ നിർദേശപ്രകാരം മെഡിക്കൽ കോളേജുകളിലെ അവസാന വർഷ ബിഎസ്.സി, ജി.എൻ.എം വിദ്യാർത്ഥികളെ തിരിച്ചുവിളിച്ചു. കൊവിഡ് കാരണം നിലവിൽ ഇവർ വീടുകളിലാണ്. 24 മുതൽ അക്കാഡമിക്, ക്ലിനിക് ഡ്യൂട്ടിക്ക് ഹാജരാകാൻ ആവശ്യപ്പെടണമെന്ന് പ്രിൻസിപ്പൽമാർക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ നിർദ്ദേശം നൽകി.