തിരുവനന്തപുരം: കേന്ദ്ര നഗരകാര്യ മന്ത്രാലയം നടത്തിയ ശുചിത്വ സർവേയിൽ എല്ലാ വിഭാഗത്തിലും കേരളം പിറകിലായി. നൂറിൽ കുറവ് മുനിസിപ്പാലിറ്റികളുള്ള 15 സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം ഏറ്രവും അവസാനമാണ്. സ്വച്ഛഭാരത് മിഷൻ ഫണ്ട് ചെലവഴിക്കാത്തതാണ് കേരളത്തിന് തിരിച്ചടിയായതെന്ന് സംസ്ഥാന ശുചിത്വ മിഷൻ പറഞ്ഞു. പലപ്പോഴും 60ശതമാനം സ്വച്ഛഭാരത് ഫണ്ട് ലാപ്സാകുകയാണ്. ഗാർബേജ് ഫ്രീ സിറ്രി റേറ്റിംഗാണ് കേരളത്തെ കുടുക്കിയ രണ്ടാമത്തെ പ്രശ്നം. വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണവും കേന്ദ്രീകൃത മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ നിക്ഷേപിക്കലും പലപ്പോഴും കേരളത്തിൽ നടക്കാറില്ല. കക്കൂസും മൂത്രപ്പുരയും പ്രത്യേകമാക്കുക, നാപ്കിൻ ഉപേക്ഷിക്കുന്ന സ്ഥലം , നാപ്കിൻ വെൻഡിംഗ് മെഷിൻ എന്നിവയുടെ അഭാവവും കേരളത്തിന് വിനയായി. എടുത്തുകാണിക്കാൻ കഴിയുന്ന പദ്ധതികളില്ലാത്തതും തിരിച്ചടിയായി.
ഇൻഡോർ വൃത്തിയുള്ള നഗരം
ലോകത്തിലെ ഏറ്റവും വലിയ ശുചിത്വ സർവേ എന്നറിയിപ്പെടുന്ന സ്വച്ഛ സർവേക്ഷണിൽ ഇന്ത്യയിലെ 4242 നഗരസഭകളെ വിലയിരുത്തി. വൻകിടനഗരങ്ങളിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായ നലാം തവണയും മദ്ധ്യപ്രദേശിലെ ഇൻഡോർ തിരഞ്ഞെടുക്കപ്പെട്ടു. ചെറുകിടനഗരങ്ങളിൽ ഛത്തിസ്ഗഡിലെ അംബികാപൂരാണ് ഒന്നാം സ്ഥാനത്ത്.
നൂറിൽ താഴെ നഗരസഭകളുള്ള സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം 2325.42 പോയിന്റ് നേടിയ ജാർഖണ്ഡും രണ്ടാം സ്ഥാനം 1768.84 പോയിന്റ് നേടിയ ഹരിയാനയുമാണ്. അവസാന സ്ഥാനത്തുള്ള കേരളത്തിന് 661.26 പോയിന്റ് ആണുള്ളത്. 100ൽ കൂടുതൽ നഗരസഭകളുള്ളതിൽ ഛത്തിസ്ഗഡ് ( 3293.56 പോയിന്റ്) ഒന്നാംസ്ഥാനം നേടി.
കേരളത്തിൽ ഒന്നാമത് ആലപ്പുഴ
സർവേയിൽ നഗരങ്ങളിൽ കേരളത്തിൽ നിന്ന് ഒന്നാമതെത്തിയത് 2817.7 പോയന്റുള്ള ആലപ്പുഴയാണ്. എന്നാൽ ആകെ റാങ്കിംഗിൽ 152-ാമതാണ് ആലപ്പുഴയുടെ സ്ഥാനം. 304 -ാം റാങ്കിലുള്ള തിരുവനന്തപുരമാണ് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത്.
മാലിന്യ സംസ്കരണത്തിൽ കേരളം കാര്യമായ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്ന തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ ഓഫീസ് അറിയിച്ചു. കേരളം പ്രധാനമായും ഉറവിട മാലിന്യ സംസ്കരണത്തെയാണ് ആശ്രയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെപ്പോലെ വലിയ പ്ലാന്റുകൾ കേരളത്തിൽ ബുദ്ധിമുട്ടാണ്. കേന്ദ്രത്തിന്റെ ശുചിത്വ സർവേയിലെ മാനദണ്ഡം കേരളത്തിൽ അപ്രായോഗികമാണ്. കേരളത്തിലെ പകുതിയോളം പഞ്ചായത്തുകളെയും സമ്പൂർണ ശുചിത്വ പഞ്ചായത്തുകളാക്കി മാറ്റും. ഇവയ്ക്ക് ഹരിത കേരള മിഷന്റെ സർട്ടിഫിക്കറ്ര് നൽകുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.