തിരുവനന്തപുരം: കേരളത്തിലെ അത്തപ്പൂക്കളങ്ങൾക്കായി തമിഴ്നാട്ടിലെയും കർണാടകയിലേയും പാടങ്ങളിൽ വിരിഞ്ഞ പൂക്കൾക്ക് ഇക്കുറി നിറംകെട്ട് മണ്ണിലലിയാനാണ് വിധി. ആർഭാടമാർന്ന ആഘോഷങ്ങൾക്ക് മലയാളി കൊവിഡ് അവധി കല്പിച്ചതോടെ ആവശ്യക്കാരില്ലാതായി. കേരളത്തിലേക്ക് പൂക്കൾ വരുന്നുണ്ടെങ്കിലും ക്ഷേത്രാവശ്യങ്ങൾക്ക് മാത്രമാണ് കുറച്ചെങ്കിലും ചെലവാകുന്നത്.
ഇന്ന് വിനായക ചതുർത്ഥിയായിട്ടും ഇന്നലെ പൂവിപണിയിൽ ആലസ്യമായിരുന്നു.
തമിഴ്നാട്ടിലെ തോവാള, ഊട്ടി, കമ്പം, തേനി, കർണാടകത്തിലെ ഗുണ്ടൽപേട്ട്, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കേരളത്തിന്റെ എല്ലാഭാഗത്തേക്കുമുള്ള പൂക്കൾ എത്തുന്നത്. തൃശൂർ തേക്കിൻകാട് മൈതാനം, കോട്ടയം തിരുനക്കര, എറണാകുളം നോർത്ത് തുടങ്ങിയ നഗരകേന്ദ്രങ്ങളിൽ അത്തം തുടങ്ങുന്നതിനു മുമ്പേ പ്രത്യേക പുഷ്പവിപണി തുറക്കാറുണ്ട്. തമിഴ്നാട്ടിലെ കച്ചവടക്കാർ ലോഡ് കണക്കിനു പൂക്കളുമായി എത്തുന്നതാണ് പതിവ്. ഇപ്പോൾ ആ കേന്ദ്രങ്ങളെല്ലാം ശൂന്യം.
തിരുവനന്തപുരത്തെ ചാല കമ്പോളം പോലുള്ള സ്ഥിരം വിപണിയിൽ മാത്രമാണ് പൂക്കളെത്തുന്നത്. ഓണക്കച്ചവടത്തിനായി വ്യാപാരികൾ പൂക്കൾ വാങ്ങുന്നില്ല. അത്തപൂക്കളത്തിനു വർണ്ണം പകരുന്ന ജമന്തിക്ക് ആവശ്യക്കാരേയില്ല.
പിച്ചിക്ക് വില 300
കഴിഞ്ഞ വർഷം ഒരു കിലോ പിച്ചിപ്പൂവിന് തോവാളയിൽ 3000 രൂപയായിരുന്നു വില. ഇപ്പോൾ വെറും 300 മാത്രം. ജമന്തി 80 രൂപയ്ക്ക് കിട്ടും. കഴിഞ്ഞ വർഷം 300 രൂപയായിരുന്നു. 400രൂപ ഉണ്ടായിരുന്ന അരളിയുടെ വില 150. കൃഷിക്കാർ, മൊത്തവ്യാപാരികൾ, ചെറുകിട വ്യാപാരികൾ തുടങ്ങി വലിയൊരു വിഭാഗം പൂവ്യാപാരവുമായി ബന്ധപ്പെട്ട് കഴിയുന്നുണ്ട്.
''വില എത്രയായാലും പൂക്കൾ വിളവെടുത്തേ പറ്റൂ. വിലക്കുറഞ്ഞിട്ടും കാര്യമായ ഓർഡറുകളില്ല.
മുരുകൻ,
പുഷ്പ വ്യാപാരി,തോവാള
'' അത്തത്തിനു മൂന്നുനാൾ മുമ്പേ സ്ഥാപനങ്ങളിൽ പൂക്കളമൊരുക്കാനുള്ള പൂവ് വാങ്ങാൻ ധാരാളം പേർ എത്തുമായിരുന്നു. ഇപ്പോൾ ആരുമില്ല. അവസാനാളിലെങ്കിലും കുറച്ചു കച്ചവടം കിട്ടുമെന്ന പ്രതീക്ഷയിലാണ്''
- രാജു, പുഷ്പവ്യാപാരി, ചാല