തിരുവനന്തപുരം: സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ നാലേകാൽ കോടി രൂപയുടെ കമ്മിഷൻ തട്ടിപ്പുണ്ടായെന്ന് വ്യക്തമായിട്ടും കേസെടുക്കാതെ നിർജീവാവസ്ഥയിലാണ് വിജിലൻസ്. യു.എ.ഇ സർക്കാരിന്റെ സന്നദ്ധസംഘടനയായ എമിറേറ്റ്സ് റെഡ്ക്രസന്റിന്റെ ഇരുപതു കോടി രൂപയിൽ നിന്നാണ് സ്വപ്നയും സംഘവും നാലേകാൽ കോടി വെട്ടിച്ചത്. 'ലൈഫു"മായുണ്ടാക്കിയ ധാരണാപത്രത്തിന്റെ മറവിലെ അഴിമതി കണ്ടില്ലെന്ന ഭാവമാണ് വിജിലൻസിന്റേത്. കമ്മിഷൻ നൽകിയെന്ന് സമ്മതിച്ച യൂണിടെക് നിർമ്മാണ കമ്പനിയുടമയ്ക്കെതിരെ കേസെടുക്കാമെങ്കിലും അതുമുണ്ടായില്ല.
കോഴ ഇടപാടുകാർ സ്വകാര്യ വ്യക്തികളായതിനാൽ ലൈഫിലെ അഴിമതി അന്വേഷിക്കാൻ വിജിലൻസിന് സർക്കാർ അനുമതി ആവശ്യമില്ല. പാർലമെന്റ് പാസാക്കിയ അഴിമതി നിരോധ നിയമത്തിലെ പുതിയ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാനാണ് ഉന്നതാധികാരിയുടെ അനുമതി വേണ്ടത്. റെഡ്ക്രസന്റിന്റെ പണത്തിൽ നിന്നുള്ള കമ്മിഷൻ സ്വർണക്കടത്ത് പ്രതി സന്ദീപിന്റെ ഐസോമോങ്ക് കമ്പനിയുടെ അക്കൗണ്ടിലാണെത്തിയത്. ഇക്കാര്യം യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പൻ ഇ.ഡിക്ക് മൊഴിയും നൽകി. സ്വപ്നയ്ക്ക് ജാമ്യം നിഷേധിച്ചുള്ള കോടതി ഉത്തരവിലും ഇക്കാര്യമുണ്ട്. 106 വീടുകൾ വയ്ക്കാനുള്ള പണമാണ് കമ്മിഷനായി തട്ടിയെടുത്തത്.
ആരോപണപ്പെരുമഴ
അതിനിടെ നിരവധി ഉപകരാറുകൾ നൽകിയതിലും അഴിമതിയാരോപണമുണ്ട്. വടക്കാഞ്ചേരിയിലെ ചരിവുള്ള ഭൂമി ഫ്ലാറ്റിന് അനുയോജ്യമല്ലെന്നും നിർമ്മാണത്തിൽ നിലവാരമില്ലെന്നുമുള്ള വിവരം പുറത്തായിട്ടും വിജിലൻസിന് അനക്കമില്ല. വിദേശനാണ്യ വിനിമയത്തിലെ കേന്ദ്രചട്ടങ്ങൾ മറികടന്ന് എം. ശിവശങ്കർ ആസൂത്രിതമായി ക്രമക്കേട് കാട്ടിയെന്നും വ്യക്തമായിട്ടുണ്ട്.
ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേന്നാണ് 20 കോടിയുടെ പദ്ധതിയിലെ വിവരങ്ങൾ തദ്ദേശവകുപ്പ് സെക്രട്ടറിയും ലൈഫ് മിഷൻ സി.ഇ.ഒയും അറിയുന്നത്. റെഡ്ക്രസന്റ് തയ്യാറാക്കിയ ധാരണാപത്രത്തിലെ അറബി ഭാഷയിലുള്ള ഭാഗം ഗസറ്റഡ് റാങ്കുള്ള അറബിക് അദ്ധ്യാപകർ സർട്ടിഫൈ ചെയ്യേണ്ട നടപടിക്രമവും ഒഴിവാക്കി. കൂടാതെ ഗവർണറുടെ പേരിലല്ലാതെയുള്ള സർക്കാർ കരാർ ഒപ്പിട്ടതും ഉദ്യോഗസ്ഥരുടെ വീഴ്ചകളുമെല്ലാം വിജിലൻസിന് അന്വേഷിക്കാം.
സി.ബി.ഐ വന്നേക്കും
വിദേശസഹായ നിയന്ത്രണച്ചട്ടം (എഫ്.സി.ആർ.എ) ലംഘിച്ച് യു.എ.ഇയിൽ നിന്ന് സ്വീകരിച്ച പണത്തിൽ നിന്ന് കമ്മിഷനടിച്ചതാണ് ഇ.ഡി അന്വേഷിക്കുന്നത്. നാല് ഐ.എ.എസുകാർ അന്വേഷണ പരിധിയിലുണ്ട്. കേന്ദ്ര ഉദ്യോഗസ്ഥരുൾപ്പെട്ട നടപടികളിൽ അഴിമതിയുണ്ടെന്ന് ഇ.ഡി റിപ്പോർട്ട് നൽകിയാൽ അന്വേഷണത്തിന് സി.ബി.ഐ എത്തും. അഴിമതിക്കേസുകൾ അന്വേഷിക്കാൻ സി.ബി.ഐക്കാണ് അധികാരം.