തിരുവനന്തപുരം: ലൈഫ് മിഷന്റെ വടക്കാഞ്ചേരി ഭവന പദ്ധതിയിലെ കമ്മിഷൻ തട്ടിപ്പ് ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിനുള്ള സാദ്ധ്യത സംസ്ഥാന സർക്കാർ പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. സർക്കാരിന് നിയമപരമായി അന്വേഷിക്കാനാവുമെങ്കിൽ അന്വേഷിക്കണമെന്നാണ് പാർട്ടി നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കമ്മിഷൻ നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. കമ്മിഷൻ പറ്റാവുന്ന പദ്ധതിയല്ല ലൈഫ് മിഷൻ. സി.പി.എമ്മിലെയോ എൽ.ഡി.എഫിലെയോ സർക്കാരിലെയോ ലൈഫ് മിഷന്റെയോ ആരും കമ്മിഷൻ പറ്റിയെന്ന് ആക്ഷേപമില്ല. യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരാണ് കമ്മിഷൻ പറ്റിയതെന്നാണ് ആക്ഷേപം. രണ്ടേ കാൽ ലക്ഷം പേർക്ക് വീട് നിർമ്മിച്ചു നൽകുന്ന ലൈഫ് മിഷൻ പദ്ധതിയെ വക്രീകരിക്കുന്നതിലൂടെ ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനാകില്ല.
കേന്ദ്ര ഏജൻസികളായ എൻ.ഐ.എയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസുമാണ് കേസന്വേഷിക്കുന്നത്. അഴിമതി നടത്തിയവരെ നിയമത്തിന് മുന്നിലെത്തിക്കാനും അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനും അവർക്കാവും. ലൈഫ് മിഷനും യു.എ.ഇയിലെ റെഡ്ക്രസന്റുമാണ് പദ്ധതിക്ക് ധാരണാപത്രമുണ്ടാക്കിയത്. സ്ഥലം ലഭ്യമാക്കേണ്ട ഉത്തരവാദിത്വമേ ലൈഫ് മിഷനുള്ളൂ. വീടുണ്ടാക്കാൻ കരാറുകാരെ കണ്ടെത്തിയത് റെഡ്ക്രസന്റാണ്. കരാറുകാരൻ കമ്മിഷൻ കൊടുത്തെങ്കിൽ കണ്ടെത്തട്ടെ. സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക് 75ലക്ഷം പോയെന്ന് പറയുന്നുണ്ട്. അയാൾ ബി.ജെ.പിയല്ലേ. വസ്തുതകളെല്ലാം പുറത്തുവരട്ടെ.
മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് അദ്ദേഹത്തിന്റെ ചാനൽ വഴി നടത്തുന്ന ഓരോ വെളിപ്പെടുത്തലുകൾക്കും മുഖ്യമന്ത്രിയുടെ അംഗീകാരം വാങ്ങേണ്ടതില്ലെന്ന് ,വടക്കാഞ്ചേരി പദ്ധതിയിൽ 4.25കോടി കമ്മിഷൻ ഇടപാട് നടന്നെന്ന കൈരളി ചാനലിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യത്തിന് കോടിയേരി മറുപടി നൽകി. മാദ്ധ്യമ പ്രവർത്തനനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ബി.ജെ.പി നേതാവായ രാജീവ് ചന്ദ്രശേഖർ ചെയർമാനായ ചാനലിൽ വാർത്ത കൊടുക്കാൻ ബി.ജെ.പി പ്രസിഡന്റിന്റെയോ പ്രധാനമന്ത്രിയുടെയോ അനുമതി വാങ്ങാറുണ്ടോ?
ശിവശങ്കറിനെ ന്യായീകരിക്കേണ്ട കാര്യം സി.പി.എമ്മിനോ ഇടതുമുന്നണിക്കോ ഇല്ല. സി.പി.എമ്മിന്റെ സംരക്ഷണമുണ്ടെന്ന് വരുത്താനുള്ള പ്രചാരണമാണ് ആദ്യമുണ്ടായത്.. സെക്രട്ടേറിയറ്റിലെ സി.സി ടി.വിയിലെ ദൃശ്യങ്ങളൊന്നും നശിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് ഇന്നലെ ഒരു പ്രമുഖപത്രത്തിൽ വന്ന വാർത്ത തന്നെ വ്യക്തമാക്കുന്നത്. ഏതന്വേഷണത്തെയും ഭയപ്പെടുന്നില്ല. പിടിക്കുമെന്ന് പറഞ്ഞ് സർക്കാരിനെ ഭയപ്പെടുത്താൻ നോക്കേണ്ട. പിണറായി വിജയനെ കുടുക്കാനൊരുക്കിയ കള്ളക്കേസെന്ന് ഒന്നാം ലാവ്‌ലിനെ ഹൈക്കോടതി വിലയിരുത്തി.അത് പോലെയാവും ഇപ്പോൾ യു.ഡി.എഫ് നടത്തുന്ന രണ്ടാം ലാവ്‌ലിനെന്ന പേരിലെ കള്ളക്കഥയും- കോടിയേരി പറഞ്ഞു.