patient

ഉള്ളൂർ: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി ഒന്നാം നിലയുടെ സൺ ഷെയ്ഡിൽ ഇറങ്ങിയത് പരിഭ്രാന്തി പരത്തി. വാമനപുരം സ്വദേശി സതീഷ്‌ കുമാറിനെയാണ് (45) ഇന്നലെ ഉച്ചതിരിഞ്ഞ് 1.30ഓടെ അത്യാഹിത വിഭാഗത്തിന് മുകളിൽ കാണപ്പെട്ടത്. എലിപ്പനി ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന ഇയാൾ കുറച്ചു ദിവസങ്ങളായി പരസ്‌പരവിരുദ്ധമായി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങി തൊട്ടടുത്തുള്ള ഡയാലിസിസ് സെന്ററിൽ എത്തി. തുടർന്ന് അവിടത്തെ ജനാലയിലൂടെ പുറത്തിറങ്ങി തീവ്ര പരിചരണ വിഭാഗം കെട്ടിടത്തിന്റെ ഒന്നാം നിലയുടെ സൺഷെയ്ഡിൽ ഇറങ്ങുകയായിരുന്നു. രോഗിയെ മുകളിൽ കണ്ടതോടെ ജനം തടിച്ചുകൂടി. ഇവർ ബഹളം വച്ചതോടെ രോഗി അവിടെ ഇരുപ്പുറപ്പിച്ചു. മെഡിക്കൽ കോളേജ് പൊലീസെത്തി ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കി തിരികെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടർ ചികിത്സയ്ക്ക് താത്പര്യമില്ലെന്ന് ബന്ധുക്കൾ അറിയിച്ചതോടെ ഇയാളെ ഇന്നലെത്തന്നെ ഡിസ്ചാർജ് ചെയ്തു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.