ആലുവ: നഗരത്തിൽ സവാള മൊത്തവ്യാപാര കേന്ദ്രത്തിന്റെ ഭൂഗർഭ അറയിൽ കണ്ടെത്തിയ അസ്ഥികൂടം മാറമ്പിള്ളി സ്വദേശിയായ അമ്പത്തഞ്ചുകാരന്റേതാണെന്ന് സൂചന. അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് നിന്നും ലഭിച്ച ബാഗിൽ ആധാർ കാർഡിന് അപേക്ഷിക്കുന്നതിനുള്ള ഫോട്ടോപതിച്ച ഫോറവും വിലാസവും ലഭിച്ചിരുന്നു. ഈ വിലാസം തേടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്.
അപേക്ഷയിലുള്ള ഫോട്ടോ ബന്ധുക്കൾ തിരിച്ചറിഞ്ഞെങ്കിലും അറയിൽ കണ്ടെത്തിയ അസ്ഥികൂടം ഇയാളുടേതാണെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിൽ അസ്ഥികൂടം ഡി.എൻ.എ പരിശോധനയ്ക്കായി കാക്കനാട് ചീഫ് കെമിക്കൽ എക്സാമിനർക്ക് കൈമാറും. ഫലംവന്നാലേ മരിച്ചത് ആരാണെന്നതിനെക്കുറിച്ച് വ്യക്തയുണ്ടാകുകയുള്ളുവെന്ന് ആലുവ സി.ഐ എൻ. സുരേഷ്‌കുമാർ 'കേരളകൗമുദി'യോട് പറഞ്ഞു.
13 വർഷമായി വീട് ഉപേക്ഷിച്ചയാളാണ് മാറമ്പള്ളി സ്വദേശി. ഇയാളുടെ ഭാര്യയും മകനും മാത്രമാണ് ഇപ്പോൾ വീട്ടിലുള്ളത്. വീടുവിട്ടുപോന്ന ശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
ആലുവ ഫയർ സ്റ്റേഷന് എതിർവശമുള്ള കെട്ടിടത്തിന്റെ ഭൂഗർഭ അറയിൽ വ്യാഴാഴ്ചയാണ് അസ്ഥികൂടം കണ്ടെത്തിയത്. ഒരു മാസത്തിലേറെയായി അടഞ്ഞുകിടന്ന സവാളക്കട പ്രവർത്തിക്കുന്ന കെട്ടിടം ഭാഗികമായാണ് പൂർത്തിയായിട്ടുള്ളത്. ഗ്രില്ല് സ്ഥാപിക്കാനെത്തിയവരാണ് അസ്ഥികൂടം കണ്ടെത്തിയത്. ബാഗിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിലെ സിം കാർഡിൽ നിന്ന് സൈബർസെല്ലിന്റെ സഹായത്തോടെ നമ്പറുകൾ ശേഖരിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. സിം കാർഡ് വെള്ളത്തിൽ കിടന്ന് പ്രവർത്തനരഹിതമായെങ്കിലും സിംനമ്പർ ലഭിച്ചിട്ടുണ്ട്. മൊബൈൽ കമ്പനിയിൽ നിന്ന് കോൾ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്.