kodiyeri

തിരുവനന്തപുരം: നിയമസഭയിൽ സർക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.അവിശ്വാസപ്രമേയം ദയനീയമായി പരാജയപ്പെടും. മുഖ്യമന്ത്രിയുടെ പ്രസംഗം കൂടി കേട്ട് വോട്ടിംഗിലും പങ്കെടുത്തിട്ടേ പ്രതിപക്ഷം പിരിഞ്ഞ് പോകാവൂ.

പ്രധാന രാഷ്ട്രീയപ്രശ്നങ്ങളിലെല്ലാം യു.ഡി.എഫിലെ പ്രതിസന്ധി വ്യക്തമാണ്. ഹാദിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കിയതിനെ ലീഗ് സ്വാഗതം ചെയ്തു. കോൺഗ്രസും യു.ഡി.എഫും നിലപാട് വ്യക്തമാക്കിയിട്ടില്ല. അയോദ്ധ്യയിൽ സുപ്രീംകോടതി നിർദ്ദേശം മറികടന്ന് പ്രധാനമന്ത്രി രാമക്ഷേത്രത്തിന് ശിലയിട്ടപ്പോൾ,അതിന് വിളിക്കാത്തതിലുള്ള പരിഭവമാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. പിന്നാക്ക, പട്ടിക വിഭാഗക്കാർക്കും പാവപ്പെട്ടവർക്കും മതന്യൂനപക്ഷങ്ങൾക്കും ഉന്നത വിദ്യാഭ്യാസം നിഷേധിക്കുന്ന കേന്ദ്ര വിദ്യാഭ്യാസനയത്തെ യു.ഡി.എഫ് നേതാക്കളായ പി.ജെ. ജോസഫും ശശി തരൂരും സ്വാഗതം ചെയ്തു.

എൽ.ഡി.എഫ് സർക്കാരിനെ അസ്ഥിരീകരിക്കാനാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ശ്രമം. സർക്കാരിന് ജനങ്ങൾക്കിടയിലുണ്ടായ പ്രതിച്ഛായയും ലോകമെങ്ങുമുള്ള മലയാളികൾ നൽകിയ അംഗീകാരവും മുഖ്യമന്ത്രിയുടെ പ്രതിച്ഛായയും തകർക്കാനാണ് ശ്രമം. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ വിഷലിപ്തമായ കല്ലുവച്ച നുണകളാണ് പ്രചരിപ്പിക്കുന്നത്. വൻതോതിൽ പണവും പ്രൊഫഷണൽ ടീമുകളെയും ഇറക്കിയാണ് പ്രചരണം. ആയിരം നുണകൾ ഒരേ സമയം പ്രചരിപ്പിക്കുന്നത് നേതൃത്വത്തെ തകർക്കാനുള്ള ഫാസിസ്റ്റുകളുടെ തന്ത്രമാണ്. ഇത് തുറന്നുകാട്ടാൻ പാർട്ടി സജീവമായി ഇറങ്ങും.

 വിമാനത്താവളം കൈമാറാൻ അനുവദിക്കില്ല

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് കൈമാറാൻ കേരളമനുവദിക്കില്ല. നേരത്തേ സ്വകാര്യവത്കരിക്കുന്നതിനെതിരെ കേന്ദ്രത്തിന് നിവേദനം നൽകിയ കേന്ദ്രമന്ത്രി വി. മുരളീധരൻ ഇപ്പോൾ ന്യായീകരിക്കുന്നു.

കേന്ദ്രം നിശ്ചയിച്ച തുകയ്ക്ക് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധതയറിയിച്ചിട്ടും സാങ്കേതികത്വം പറഞ്ഞ് നിഷേധിച്ചത് അഴിമതിക്ക് വഴിയൊരുക്കാനാണ്. കേന്ദ്ര തീരുമാനത്തിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കണം. പ്രധാനമന്ത്രിക്ക് സി.പി.എം രണ്ട് ലക്ഷം ഇ-മെയിൽ സന്ദേശങ്ങളയക്കും. സംസ്ഥാന, ജില്ലാ, ഏരിയാ, ലോക്കൽ കമ്മിറ്റിയംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരുമുൾപ്പെടെയാണിത്. ഒരു ബ്രാഞ്ചിൽ നിന്ന് കുറഞ്ഞത് അഞ്ച് പേർ പങ്കെടുക്കും.