kodeyeri

തിരുവനന്തപുരം: ആർ.എസ്.എസിനെ എതിർക്കുന്നതിനാലാണ് തന്നെ പ്രതിപക്ഷനേതാവ് വർഗീയവാദിയെന്ന് വിളിക്കുന്നതെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുസ്ലിം വർഗീയവാദിയെന്നാണ് ആക്ഷേപം. തലശ്ശേരി വർഗീയകലാപമുണ്ടായപ്പോൾ തന്നെ മാപ്പിളയുടെ മകനെന്ന് വിളിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവിനെപ്പോലെ പൂജയിലും മന്ത്രത്തിലുമൊന്നും വിശ്വസിക്കുന്നില്ല. കല്ലുവച്ച നുണയാണ് പ്രതിപക്ഷനേതാവ് പ്രചരിപ്പിക്കുന്നത്. അയോദ്ധ്യയിൽ ശിലവച്ചുള്ള പൂജയ്ക്ക് കോൺഗ്രസ് നേതാക്കൾ പോയപ്പോൾ അതിനെ സാധൂകരിക്കാനാണിത്.

പ്രതിപക്ഷനേതാവ് ഇടയ്ക്കിടെ ഹൈക്കോടതിയെ സമീപിക്കും. ഒരു കേസ് പോലും അനുകൂലമായിട്ടില്ല. ഇന്നലെ ശക്തമായ തിരിച്ചടിയുമുണ്ടായി. സർക്കാരിനെ സംരക്ഷിക്കാൻ എൽ.ഡി.എഫിലെ എല്ലാ കക്ഷികളും ജാഗരൂകരായാണ് പ്രവർത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

 ജോസിന്റെ നിലപാട് സ്വാഗതാർഹം

രാജ്യസഭാ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള ജോസ് കെ. മാണി വിഭാഗത്തിന്റെ നിലപാട് സ്വാഗതാർഹമാണ്. അവർ രാഷ്‌ട്രീയനിലപാട് വ്യക്തമാക്കിയാൽ മുന്നണിപ്രവേശനമടക്കമുള്ള കാര്യങ്ങളിൽ ചർച്ചയാകാം. അവരാണ് ആദ്യം കാര്യങ്ങൾ വ്യക്തമാക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.