flat

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് ഫ്ലാറ്റ് സമുച്ചയ നിർമ്മാണത്തിന് അനുമതി തേടാതെ ഇരുപതു കോടി രൂപ വിദേശ സഹായം വാങ്ങി ചട്ടലംഘനം നടത്തുകയും ആ തുകയിൽ നാലേകാൽ കോടി കമ്മിഷൻ തട്ടുകയും ചെയ്ത പശ്ചാത്തലത്തിൽ തുടർ നിർമ്മാണം ഉൾപ്പെടെ കേന്ദ്ര സർക്കാ‌ർ തടഞ്ഞേക്കും. സി.ബി.ഐ അന്വേഷണത്തിനും നടപടി സ്വീകരിച്ചേക്കും.

റെഡ് ക്രസന്റുമായുണ്ടാക്കിയ ലൈഫ് കരാറിൽ നിരവധി ക്രമക്കേടുണ്ടെന്ന് സംസ്ഥാന സർക്കാർ നൽകിയ രേഖകളുടെ പരിശോധനയിൽ കേന്ദ്രസർക്കാരിന് ബോധ്യമായി. കരാറുണ്ടാക്കാൻ കേന്ദ്രസഹായം തേടിയിട്ടില്ല. ഇരുപതുകോടി സഹായം സ്വീകരിക്കാൻ വിദേശകാര്യ മന്ത്റാലയത്തിന്റെ അനുമതി തേടണമായിരുന്നു. അതുണ്ടായില്ല. ദുരന്തനിവാരണ ആക്ട് പ്രകാരവും സംസ്ഥാന നടപടി തെറ്റാണ്. വിദേശസഹായ നിയന്ത്രണചട്ടവും ലംഘിച്ചു.

കേന്ദ്രാനുമതി നേടാതെയാണ് യു.എ.ഇ റെഡ്ക്രസന്റുമായി ധാരണാപത്രമുണ്ടാക്കിയതെന്നും തുകയിൽ അഞ്ചിലൊന്നിലേറെ കമ്മിഷൻ പറ്റിയെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ എല്ലാ രേഖകളും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ധാരണാപത്രം അടക്കം തദ്ദേശ, നിയമ വകുപ്പുകളിലെ ഫയൽവിശദാംശങ്ങളാണ് സംസ്ഥാന സർക്കാർ കൈമാറിയത്. ഇവ പരിശോധിച്ചാണ് വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങൾ ക്രമക്കേടും ചട്ടലംഘനവും ചൂണ്ടിക്കാട്ടിയത്.

യു.എ.ഇ ഭരണാധികാരിയുടെ അദ്ധ്യക്ഷതയിലുള്ള സന്നദ്ധ സംഘടനയാണ് റെഡ്ക്രസന്റ് . ദുരിതാശ്വാസത്തിന് നൽകിയ പണത്തിലെ അഴിമതിയെക്കുറിച്ച് റെഡ്ക്രസന്റും യു.എ.ഇ സർക്കാരും വിവരങ്ങൾ തേടിയിട്ടുണ്ട്.

ചട്ടം ഇങ്ങനെ

ഏതുതരം വിദേശസഹായവും സ്വീകരിക്കാൻ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി വേണം

 ഒരു ലക്ഷത്തിലേറെ മൂല്യമുള്ള സമ്മാനം വിദേശത്തെ ഉറ്റബന്ധുക്കളിൽ നിന്ന് സ്വീകരിക്കാനും കേന്ദ്രാനുമതി വേണം

 വിദേശസഹായ നിയന്ത്രണചട്ടം (എഫ്.സി.ആർ.എ) അനുസരിച്ച് സേവനവും സമ്മാനവും ഈ ഗണത്തിൽ പെടും

 വിദേശനാണ്യ വിനിമയചട്ടം (ഫെമ) അനുസരിച്ച് പണം സ്വീകരിക്കാൻ റിസർവ് ബാങ്കിന്റെ അനുമതിയും വേണം

 ലംഘനം അന്വേഷിക്കാൻ സി.ബി.ഐ, ഇ.ഡി, ഫോറിൻ ട്രേഡ് അതോറിട്ടി എന്നിവയ്ക്ക് അധികാരമുണ്ട്.

സർക്കാ‌ർ ന്യായത്തിൽ കഴമ്പില്ല

പണമല്ല വീടുകളാണ് സ്വീകരിച്ചതെന്നാണ് സംസ്ഥാന സർക്കാ‌ർ ന്യായം. ഇതു വിലപ്പോവില്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. എഫ്.സി.ആർ.എ ചട്ടപ്രകാരം വ്യക്തിപരമായ ആവശ്യത്തിനല്ലാതുള്ള എന്തും വിദേശ സഹായത്തിന്റെ പരിധിയിലാണ്. സർക്കാരിന് ഇളവ് നൽകിയിട്ടില്ല.