1222

തിരുവനന്തപുരം: നഗരത്തിലെ ബസ് യാത്രികർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ആയുർവേദ കോളേജ് ജംഗ്ഷനിൽ നിർമ്മിച്ച സ്മാർട്ട് ബസ് ഷെൽട്ടറുകളുടെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. ഇരിപ്പിടം,എൽ.ഇഡി ലൈറ്റുകൾ, ചാർജിംഗ് സൗകര്യം, എഫ്.എം റേഡിയോ, സി.സി.ടി.വി നിരീക്ഷണം, എമർജൻസി കാൾ ബട്ടൺ, യു.പി.എസ് ബാക്കപ്പ്, ഡിജിറ്റൽ പരസ്യ ബോർഡുകൾ, പി.ഐ.എസ് ഡിസ്‌പ്ലേ എന്നിവ സ്മാർട്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഭാഗമാണ്. ആയുർവേദ കോളേജ് ജംഗ്ഷനിൽ കൂടാതെ പനവിള, കിള്ളിപ്പാലം ജംഗ്ഷൻ, തമ്പാനൂർ ആർ.എം.എസ് ബസ്റ്റോപ്, വുമൺസ് കോളേജ് എന്നിവിടങ്ങളിലും സ്മാർട്ട് ബസ് ഷെൽട്ടറുകൾ ഒരുങ്ങുന്നുണ്ടെന്ന് മേയർ പറഞ്ഞു. ആർ.എം.എസ് ബസ്റ്റോപ്പിൽ നിർമ്മിക്കുന്ന ബസ് ഷെൽട്ടറിൽ മറ്റുള്ള സ്മാർട്ട് ബസ് ഷെൽട്ടറുകളിൽ ഉള്ള സംവിധാനങ്ങൾക്ക് പുറമെ കുടിവെള്ള സംവിധാനവും പൊലീസ് എയ്ഡ് പോസ്റ്റുമുണ്ടാകും. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വഞ്ചിയൂർ പി. ബാബു, പാളയം രാജൻ, എസ്.പുഷ്പലത, സ്മാർട്ട് സിറ്റി സി.ഇ.ഒ പി. ബാലകിരൺ, ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്ണ എന്നിവർ പങ്കെടുത്തു.