ffff

തിരുവനന്തപുരം:സംസ്ഥാന സാംസ്‌കാരിക വകുപ്പും സൗത്ത് സോൺ കൾചറൽ സെന്ററും ഭാരത് ഭവനും സംയുക്തമായി അത്തം മുതൽ തിരുവോണം വരെ 'മാവേലി മലയാളം' എന്ന പേരിൽ പത്ത് ദിന സാംസ്‌കാരിക ദൃശ്യവിരുന്നുകൾ ഒരുക്കുന്നു. തിരുവോണം വരെ എല്ലാ ദിവസവും രാത്രി 7 മുതൽ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള അവതരണങ്ങളാണ് സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെയും, ഭാരത് ഭവന്റെയും സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെയും ഫേസ്ബുക്ക് പേജുകൾ വഴിയും യുട്യൂബ് ചാനൽ വഴിയും പ്രദർശിപ്പിക്കപ്പെടുന്നത്.

പരിപാടിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷനാകും. ഗോത്ര നാടോടി, ക്ലാസിക്കൽ കലാരൂപങ്ങളിലൂടെ മാതൃകം എന്ന പേരിൽ ഒരുക്കുന്ന ഒരുമണിക്കൂർ അവതരണമാണ് അത്തം ദിനം മലയാളക്കാഴ്ച. തുടർന്ന് രാജസ്ഥാനിലെ കൽബെറിയ, ചക്രി നൃത്തങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തും. രണ്ടാം ദിന കാവ്യോത്സവത്തിൽ കവികൾ ഓണക്കവിതകളുടെ അവതരണവും, ഓണസ്മൃതികളും പങ്കുവയ്ക്കും. തുടർന്ന് പഞ്ചാബിന്റെ ലൂഡി നൃത്തങ്ങൾ. മൂന്നാം ദിനത്തിൽ ശാസ്ത്രീയ സംഗീത കച്ചേരിയും മാജിക് മെന്റലിസം ആൻഡ് ബലൂൺ ആർട്ടും ഗുജറാത്തിലെ രത്വ,ദണ്ഡിയാ നൃത്തം, നാലാം ദിനം കഥാപ്രസംഗം,നങ്ങ്യാർകൂത്ത്,മൈം. കേരളീയം രംഗാവതരണവും, കർണാടകയിലെ ഡോലു കുനിത, പൂജാ കുനിത നൃത്തഗാനങ്ങളും അഞ്ചാം ദിനത്തിൽ മാറ്റേകും.ആറാം ദിനത്തിൽ ക്ലാസിക്കൽ നൃത്തങ്ങളും കാക്കാരിശ്ശി നാടകവും തമിഴ്നാട്ടിൽ നിന്നുള്ള കാവടി, തപ്പാട്ടം അവതരണങ്ങളും. ഏഴാംദിനത്തിൽ തുള്ളൽ ത്രയങ്ങളും ശാസ്ത്രീയ സംഗീത കച്ചേരിയും ആന്ധ്രാ പ്രദേശിന്റെ ലംബാടി, ദിംസാ നൃത്തരൂപങ്ങളും അരങ്ങേറും. അത്തം എട്ടിന് ഫോക് മ്യൂസിക് ബാൻഡും, കളരിയും, കേരള നടനാവതരണങ്ങളും അരങ്ങേറും. ഒൻപതാം നാൾ രാജശ്രീ വാര്യർ അവതരിപ്പിക്കുന്ന ഭരതനാട്യവും മണിപ്പൂരിന്റെ ഡോൽ, താങ്ങ്താ നൃത്ത രൂപങ്ങളും പ്രേക്ഷകരിലെത്തും. മലയാളത്തിലെ ഓണപ്പാട്ടുകൾ കോർത്തിണക്കി ഗായകരായ കല്ലറ ഗോപൻ, ശ്രീറാം, അനിതാഷേയ്ക്ക്, കല്യാണി, അനുപ്രവീൺ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ശ്രാവണസംഗീതം, കാശ്മീരിൽ നിന്നുള്ള റൗഫ്,നഗ്മനൃത്താവതരണങ്ങൾ തിരുവോണ ദിനത്തിൽ അരങ്ങേറും.