1232

തിരുവനന്തപുരം:കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടോയെന്ന് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിന്റെ നേതൃത്വത്തിൽ കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ മിന്നൽ പരിശോധന നടത്തി. കാട്ടാക്കട ജംഗ്ഷനിലെ പല കടകളിലും ഓട്ടോ സ്റ്റാൻഡുകളിലും നടത്തിയ പരിശോധനയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതായും ശരിയാംവിധം മാസ്‌ക് ധരിക്കാത്തവരെയും കണ്ടെത്തി. നിയമലംഘനം നടത്തിയവരെ ഉപദേശിച്ച് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു. ആവർത്തിച്ചാൽ നടപടിയെടുക്കുമെന്ന് ഡി.ഐ.ജി മുന്നറിയിപ്പ് നൽകി.പ്രതിരോധ നടപടിയുടെ ഭാഗമായി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ അടങ്ങിയ സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പതിച്ചു. ഡി.ഐ.ജിക്കൊപ്പം റൂറൽ എസ്.പി ബി.അശോകൻ, അഡിഷണൽ എസ്.പി. ബിജുമോൻ ഇ.എസ്, ഡിവൈ.എസ്.പിമാരായ പ്രമോദ് കുമാർ.എ,സാഹിർ എന്നിവരുമുണ്ടായിരുന്നു.