cpm-

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്കും രോഗികൾക്കും ഉറ്റബന്ധുക്കളെ നിയോഗിച്ച് പ്രോക്സി വോട്ട് ചെയ്യാമെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തോട് സി.പി.എമ്മിനും വിയോജിപ്പ്. കോൺഗ്രസ് നേരത്തേതന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ക്രമക്കേടിന് വഴിയൊരുക്കുമെന്നാണ് അവരുടെ വിലയിരുത്തൽ.

അപ്രായോഗികമെന്നാണ് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടത്. തപാൽ വോട്ട് സംവിധാനത്തോട് സി.പി.എം യോജിക്കുന്നുണ്ട്. വോട്ടെടുപ്പിന് തലേന്ന് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും പ്രദേശം കണ്ടെയ്ൻമെന്റ് സോണാവുകയും ചെയ്താൽ എന്താണ് പോംവഴിയെന്ന ചർച്ചയും നടന്നു. സോണിനകത്ത് പ്രത്യേകം സംവിധാനമെന്ന അഭിപ്രായമാണ് ഉയർന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായമാരായുമ്പോൾ പാർട്ടി നിലപാട് വിശദമാക്കും.

നിയമസഭയിൽ അവിശ്വാസപ്രമേയത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാർ കൈക്കൊണ്ട സമീപനം സുതാര്യമായിരുന്നുവെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ സംഭവഗതികളെന്നാണ് വിലയിരുത്തൽ. ഈ കേസിൽ വിവാദത്തിനുള്ള വഴി അടഞ്ഞപ്പോഴാണ് ലൈഫ് മിഷനുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നതെന്ന് പാർട്ടി വിലയിരുത്തി.

ശിവശങ്കറിനെ തള്ളി സി.പി.എം

മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം.ശിവശങ്കറിനെ പൂർണമായി തള്ളിപ്പറയാൻ സി.പി.എം തീരുമാനിച്ചതിന്റെ ഭാഗമായാണ് പാർട്ടി മന്ത്രിമാർ കഴിഞ്ഞ ദിവസങ്ങളിൽ വാർത്താസമ്മേളനങ്ങളിലൂടെ വിമർശനങ്ങൾ ഉയർത്തിയത്. രാഷ്ട്രീയനേതൃത്വം അർപ്പിച്ച വിശ്വാസം മുതലെടുത്ത് ഒരു ഉദ്യോഗസ്ഥൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ശിവശങ്കർ ചെയ്തുവെന്നാണ് പാർട്ടി നിലപാട്. ശിവശങ്കറിനെ പ്രതിസ്ഥാനത്ത് നിറുത്തുന്ന

പ്രതികരണങ്ങൾ വരും ദിവസങ്ങളിലുമുണ്ടാകും.