arun

മാഹി: കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാളെ കൂടി ചോമ്പാൽ പൊലീസ് അറസ്റ്റുചെയ്തു. ചോമ്പാൽ കല്ലാമല പൊന്നൻകണ്ടി അരുൺകുമാറാണ് (54) അറസ്റ്റിലായത്. കൊടുവള്ളി സ്വദേശി ഹുസ്നി മുബാറക്കിന്റെ പരാതിയിലാണ് അറസ്റ്റ്. സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തുന്ന റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് ചോമ്പാൽ പൊലീസ് പറഞ്ഞു.

എയർപോർട്ടിനകത്തു കട ശരിയാക്കിത്തരാമെന്നു പറഞ്ഞ് മറ്റൊരാളിൽ നിന്ന് അഞ്ചു ലക്ഷം വാങ്ങിയതായും പരാതിയുണ്ട്. തലശേരി സ്റ്റേഷനിൽ ഇതേ പ്രതികൾക്കെതിരെ ഇതിനകം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചോമ്പാൽ സ്റ്റേഷനു പുറമെ മറ്റിടങ്ങളിലും സമാനമായി നടന്ന ഇത്തരം തട്ടിപ്പുകൾക്കു പിന്നിലും ഈ റാക്കറ്റുകൾ തന്നെയാണെന്നാണ് സൂചന.

പല സർക്കാർ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് ഇവർ ലക്ഷങ്ങൾ തട്ടിയതായ് ചോമ്പാൽ പൊലീസ് പറഞ്ഞു. ഈ സംഘത്തിൽപ്പെട്ട തലശേരി സ്വദേശിയായ മറ്റൊരു പ്രതിക്കു വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ചോമ്പാല സി.ഐ ടി.പി സമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. എസ്.ഐ. നിഖിൽ, അഡിഷണൽ എസ്.ഐമാരായ അബ്ദുൾ സലാം, അശോകൻ ,സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാജി, രതീഷ് പടിക്കൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.