തിരുവനന്തപുരം: വകുപ്പുകളുടെ പദ്ധതിപ്രവർത്തനം അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് തിരഞ്ഞെടുത്ത മന്ത്രിമാരുടെ യോഗം ചേരും. ഈയാഴ്ചത്തെ മന്ത്രിസഭായോഗത്തിന് പകരമായാണിത്. നേരിട്ടാണ് മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുക.
കരിപ്പൂർ സന്ദർശനത്തെ തുടർന്ന് മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും ക്വാറന്റൈനിലായിരുന്നതിനാൽ ബുധനാഴ്ച മന്ത്രിസഭായോഗം ചേർന്നിരുന്നില്ല. ക്വാറന്റൈൻ ഇന്നലെ അവസാനിച്ചതിനാൽ ഇന്ന് മന്ത്രിസഭായോഗം ചേരുമെന്നാണ് കരുതിയിരുന്നതെങ്കിലും ഈയാഴ്ച കൂടേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കൊവിഡ് ഭീഷണിയുള്ളതിനാൽ സെക്രട്ടറിമാരോ മറ്റ് ഉന്നതോദ്യോഗസ്ഥരോ യോഗത്തിലുണ്ടാവില്ല.
അടുത്ത നൂറ് ദിവസത്തിൽ പൂർത്തിയാക്കാവുന്നതും ഉദ്ഘാടനം ചെയ്യാവുന്നതുമായ പദ്ധതികൾ തയാറാക്കി സമർപ്പിക്കാൻ മന്ത്രിമാരോട് മുഖ്യമന്ത്രി നേരത്തേ നിർദ്ദേശിച്ചിരുന്നു. 18ന് നിശ്ചയിച്ച യോഗമാണ് ഇന്ന് നടക്കുന്നത്.
ക്വാറന്റൈൻ കാലാവധി പിന്നിട്ടതോടെ ഇന്നലെ എ.കെ.ജി സെന്ററിൽ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തു. 24ന് നിയമസഭാസമ്മേളനം അവസാനിച്ച ശേഷം സഭ പ്രറോഗ് ചെയ്യാനായി അന്ന് വൈകിട്ട് പ്രത്യേക മന്ത്രിസഭായോഗം ചേരും.