പാറശാല: അതിർത്തി പങ്കിടുന്ന പാറശാല ഗ്രാമപഞ്ചായത്തിൽ 500 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. പവതിയാൻവിള, കരുമാനൂർ, നെടുവാൻവിള, അയ്ൻകാമം കീഴത്തോട്ടം, പെരുവിള എന്നീ വാർഡുകളിൽ ആറുപേരും മരിച്ചു. രോഗ ബാധിതരുടെ എണ്ണം കൂടുന്നത് ആരോഗ്യ പ്രവർത്തകരെയും നാട്ടുകാരെയും സമ്മർദത്തിലാക്കുകയാണ്. പഞ്ചായത്തിലെ 23 വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണിലാണ്. പാറശാലയിൽ ഒരു ഹോട്ടലിലെ രണ്ട് പേർ അസുഖം ബാധിച്ച് മരിച്ചത് കാരണം അടച്ചിട്ടിരിക്കുകയാണ്. പാറശാല ആശുപത്രി ജംഗ്‌ഷനിലെ മെഡിക്കൽ സ്റ്റോർ, ഹോട്ടൽ,കീഴത്തോട്ടം വാർഡിലെ ഹോട്ടൽ എന്നിവിടങ്ങളിലെ ഏഴ് പേർക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് ഇവയും അടച്ചു.
പാറശാലയിൽ രോഗം ബാധിച്ചവരിൽ 260 പേർ സുഖം പ്രാപിച്ചിട്ടുണ്ട്. അതിർത്തിക്കപ്പുറത്ത് തമിഴ്‌നാടിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന അയ്ങ്കാമം വാർഡിലാണ് കൂടുതൽ പേർക്ക് (31) രോഗ ബാധയുണ്ടായത്. പക്ഷേ ഇവിടെ ഇപ്പോൾ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. എന്നാൽ പരശുവയ്ക്കൽ വാർഡിൽ രോഗികൾ കൂടുകയാണ്. ഇവിടത്തെ 21 പേർ ചികിത്സയിലാണ്.
മറ്റ് വാർഡുകളായ നടുത്തോട്ടം 12, മേക്കൊല്ല 18, ആടുമാൻകാട് 17, പാറശാല ടൗൺ 11, മുള്ളുവിള 12, പൊന്നംകുളം 14, നെടിയാംകോട് 10, കരുമാനൂർ 7, കൊടവിളാകം 4, പുല്ലൂർകോണം 3,പവതിയാൻവിള 5, പരശുവയ്ക്കൽ 7, ഇടിച്ചക്കപ്ലാമൂട് 2 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ശരാശരി ദിവസവും 10 മുതൽ 15 വരെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗം ബാധിച്ചവരിൽ നാല് പൊലീസുകരും, ഒരു ഫയർമാരും, ഡോക്ടറുൾപ്പെടെ 7 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. അതിനിടെ പഞ്ചായത്തിന്റെ അണുനശീകരണം എല്ലാ മേഖലകളിലും എത്തുന്നില്ലെന്നും പരാതിയുണ്ട്.