തിരുവനന്തപുരം: സർക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായുള്ള പ്രതിപക്ഷത്തിന്റെ വരവ്, കൊവിഡ്കാല നിയമസഭാസമ്മേളനത്തെ സംഭവബഹുലമാക്കും. കൊവിഡിനെതിരെ വിപുലമായ തയാറെടുപ്പുകളോടെ തിങ്കളാഴ്ച ചേരുന്ന സമ്മേളനത്തിൽ പ്രമേയം ചർച്ച ചെയ്യുന്നത് അഞ്ച് മണിക്കൂർ. പ്രതിപക്ഷത്ത് നിന്ന് വി.ഡി. സതീശനാണ് പ്രമേയ നോട്ടീസ് നൽകിയത്.
രാവിലെ 9ന് ആരംഭിക്കുന്ന സഭയിൽ ധനബിൽ പാസ്സാക്കുന്നതടക്കമുള്ള മറ്റ് നടപടിക്രമങ്ങളെല്ലാം ആദ്യ ഒരു മണിക്കൂറിൽ പൂർത്തിയാക്കും..മുൻകാലങ്ങളിലെ അവിശ്വാസപ്രമേയങ്ങളിൽ ചർച്ച മൂന്ന് ദിവസം വരെ നീണ്ടതാണ് ചരിത്രം. 21 മണിക്കൂർ വരെ നീണ്ടിട്ടുണ്ട്.
സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് ലീഗംഗം എം. ഉമ്മർ നൽകിയ നോട്ടീസ് പരിഗണനയ്ക്കെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമെങ്കിലും , പരിഗണിക്കാൻ സാദ്ധ്യതയില്ല. സ്പീക്കർക്കെതിരായ പ്രമേയം പരിഗണിക്കാൻ 14 ദിവസത്തെ മുൻകൂർ നോട്ടീസ് നിർബന്ധം. നോട്ടീസ് ലഭിച്ചിട്ട് 9 ദിവസമേ ആയുള്ളൂ.
തിങ്കളാഴ്ച ആദ്യം ചരമോപചാരം. തുടർന്ന് വിവിധ റിപ്പോർട്ടുകളുടെ സമർപ്പണത്തിന് ശേഷം ധനകാര്യബിൽ ചർച്ച കൂടാതെ പാസ്സാക്കാനാണ് നീക്കം. ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടാൽ അര മണിക്കൂറിലൊതുക്കും. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരായ പ്രമേയവും ഉപധനാഭ്യർത്ഥനകളും പരിഗണിക്കും. 10 മുതൽ ഉച്ച കഴിഞ്ഞ് മൂന്ന് വരെ അവിശ്വാസപ്രമേയ ചർച്ചയും വോട്ടെടുപ്പും. രാജ്യസഭാ ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും സഭാമന്ദിരത്തിലെ മറ്റൊരു ഹാളിൽ നടക്കും. സാമൂഹ്യ അകലം പാലിച്ചാണ് അംഗങ്ങൾക്ക് ഇരിപ്പിടം.
ഒരുക്കങ്ങൾ
നിയമസഭാ മന്ദിരത്തിലേക്ക് കടക്കും മുമ്പ് ശരീര താപനില പരിശോധിക്കും.
24ന് അതിരാവിലെ എം.എൽ.എ ഹോസ്റ്റലിലും സഭയിലും ആന്റിജൻ പരിശോധന.
പോസിറ്റീവായാൽ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പി.പി.ഇ കിറ്റ്.
സഭാനടപടികളിൽ പങ്കെടുക്കാതെ മടങ്ങാം
മുഖ്യമന്ത്രി, ധന, പാർലമെന്ററികാര്യ മന്ത്രിമാർ, പ്രതിപക്ഷനേതാവ് എന്നിവരുടെ അറ്റന്റന്റുമാർക്ക് മാത്രം പ്രവേശനം.പൊതുജനത്തിനില്ല.
നിയമസഭാമന്ദിരവും പരിസരവും അണുവിമുക്തമാക്കും
വോട്ടെടുപ്പ് ആവശ്യമെങ്കിൽ അംഗങ്ങൾ എഴുന്നേറ്റ് നിന്നോ കൈയുയർത്തിയോ .
പ്രസ് ഗ്യാലറിക്ക് പുറമേ വീഡിയോ ക്യാമറകൾക്കായുള്ള ഗ്യാലറിയിലും മാദ്ധ്യമ പ്രവർത്തകർക്കനുവാദം.
ചാനൽ ക്യാമറകൾക്കനുവാദമില്ല. വിഷ്വലുകൾ പുറത്തെത്തിക്കും.