നെടുമങ്ങാട് : വീടുപണിയാനുള്ള തത്രപ്പാടിനിടയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ച നെട്ട കുന്നുംപുറത്ത് വീട്ടിൽ അഖിലയുടെ (37) ഏക മകൻ ഒമ്പതാംക്ലാസ് വിദ്യാർത്ഥി ശ്രീഹരി ഋഷികേശിന് നെടുമങ്ങാട് നഗരസഭ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ദാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെയും നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണന്റെയും നഗരസഭ ജീവനക്കാരുടെയും കുടുംബശ്രീ അംഗങ്ങളുടെയും കൂട്ടായ്മയിലൂടെയാണ് അഖിലയുടെ സ്വപ്നം സഫലമായത്. കുടുംബശ്രീയുടെ കീഴിലെ വനിതാ കൺസ്ട്രക്ഷൻ യൂണിറ്റിലെ പ്രവർത്തകരാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. നഗരസഭാ ജീവനക്കാർ പെയിന്റിംഗ് ജോലികളും നഗരസഭ ഓഫീസ് ഡ്രൈവർ ഷാജിയുടെ നേതൃത്വത്തിൽ ടൈലിന്റെ പണികളും പൂർത്തിയാക്കി. കുടുംബശ്രീ പ്രവർത്തകർ ഓരോ വീട്ടിൽ നിന്നും രണ്ട് രൂപ വീതം ശേഖരിച്ചാണ് കിണർ നിർമ്മിച്ചത്. കെ.എസ്.ഇ.ബി സൗജന്യമായി പോസ്റ്റിട്ട് വൈദ്യുതി നൽകി. അഖിലയുടെ വീട് നിർമ്മിച്ച മാതൃക ഏറെ ശ്രദ്ധേയമായിരുന്നു. ജൂലായ് 28ന് 'ഹൃദയത്തുടിപ്പായി' അഖിലയുടെ സ്വപ്നഭവനം"' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാണ്ട പനച്ചമൂട്ടിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട 'ഐശു' എന്ന ഏഴാം ക്ളാസുകാരിക്കും ഈ മാതൃകയിൽവീടിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ലൈഫ് മിഷനിലൂടെ 1,717 വീടുകൾ നിർമ്മിച്ച് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ നഗരസഭയുടെ പ്രവർത്തനങ്ങളെ മന്ത്രി കടകംപള്ളി പ്രശംസിച്ചു. ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ, നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണൻ, വൈസ് ചെയർപേഴ്സൺ ലേഖാ വിക്രമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. ഹരികേശൻ, ആർ. മധു, റഹിയാനത്ത് ബീവി, ഗീതകുമാരി, കൗൺസിലർമാരായ പി.ജി. പ്രേമചന്ദ്രൻ, ടി. അർജ്ജുനൻ, കെ.ജെ. ബിനു, വിനോദിനി എന്നിവർ താക്കോൽദാന ചടങ്ങിൽ പങ്കെടുത്തു. 25 നാണ് വാണ്ടയിലെ ഐശുവിന്റെ വീട് പാലുകാച്ചൽ നിശ്ചയിച്ചിട്ടുള്ളത്.