തിരുവനന്തപുരം: സ്വപ്നയെ ഓഫീസിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തിയതും, ഒന്നിച്ച് ലോക്കർ തുടങ്ങാൻ നിർദ്ദേശിച്ചതും മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കറാണെന്ന് അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ട് എൻഫോഴ്സ്‌മെന്റിന് മൊഴി നൽകി. ഒന്നിച്ച് ലോക്കർ തുറക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വപ്നയെ പരിചയപ്പെടുത്തിയ ശേഷം മടങ്ങിയെന്നുമുള്ള ശിവശങ്കറിന്റെ വാദം തള്ളുന്നതാണ് ഈ മൊഴി.
ഓഫീസിൽ മണിക്കൂറുകളോളം ശിവശങ്കറിന്റെ സാനിദ്ധ്യത്തിൽ സ്വപ്നയുമായി സംസാരിച്ചെന്ന് അക്കൗണ്ടന്റ് മൊഴി നൽകി.ജോയിന്റ് അക്കൗണ്ടിൽ ആദ്യം നിക്ഷേപിച്ചത് 30 ലക്ഷമായിരുന്നു. പിന്നീട് പല ഘട്ടത്തിലായി സ്വപ്ന തന്നെ ഈ തുക പിൻവലിച്ചു. തുടർന്ന് അക്കൗണ്ട് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. അക്കൗണ്ടിലുണ്ടായിരുന്ന ബാക്കി തുകയെക്കുറിച്ച് അറിയില്ലെന്നാണ് ചാർട്ടേഡ് അക്കൗണ്ടിന്റെ മൊഴി.
പണവും സ്വർണവും ലോക്കറിൽ നിക്ഷേപിച്ചത് ശിവശങ്കറിന്റെ അറിവോടെയാണെന്ന് കണ്ടെത്തിയാൽ സ്വർണക്കടത്തടക്കമുള്ള സ്വപ്നയുടെ ഇടപാടുകളെല്ലാം അദ്ദേഹം അറിഞ്ഞിരുന്നെന്ന് തെളിയിക്കാനാവും. സ്വപ്നയുടെ ദുരൂഹ ഇടപാടുകളെക്കുറിച്ചും ശിവശങ്കറിന് പൂർണമായ അറിവുണ്ടായിരുന്നെന്ന് ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ലോക്കറിന്റെ താക്കോൽ ചാർട്ടേഡ് അക്കൗണ്ടന്റ് സ്വപ്‌നയിൽ നിന്ന് വാങ്ങിയതും ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമെന്ന് ഇഡി പറയുന്നു.
സ്വപ്നയ്ക്ക് ലോക്കറുള്ള രണ്ട് ബാങ്കുകളിലെ സിസിടിവി ദൃശ്യങ്ങൾക്കായി ഇ.ഡി ബാങ്കുകൾക്ക് നോട്ടീസ് നൽകി. ലോക്കർ ആരൊക്കെ തുറന്നു എന്നതിന്റെ ബാങ്ക് രേഖയും ലോക്കർ തുറക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും നിർണായകമാണ്.