നെടുമങ്ങാട് : നഗരസഭയിലെ പുങ്കുംമുട് വാർഡിൽ ഒരു കുടുംബത്തിലെ 6 അംഗങ്ങൾക്ക് കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. നേരത്തെ ഈ വീട്ടിൽ ഒരാൾ പോസിറ്റീവായി ചികിത്സയിലാണ്. ഇന്നലെ രാവിലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് മറ്റംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ സന്ദർശിച്ചിരുന്ന പുങ്കുംമൂട്ടിലെ കടകൾ അടച്ചിടാൻ പൊലീസ് നിർദ്ദേശം നൽകി. സമ്പർക്ക പട്ടികയിലായ പൊതുപ്രവർത്തകർ അടക്കം ക്വാറന്റൈനിൽ പോകണമെന്നും നിർദേശമുണ്ട്. ഇതേസമയം, വ്യാപനമുണ്ടായെന്ന ആശങ്കയിൽ നഗരസഭ പരിധിയിലെ റേഷൻകട ലൈസൻസികൾക്കും സപ്ലൈ ഓഫീസ്, താലുക്ക് ഓഫീസ് ജീവനക്കാർക്കും നടത്തിയ ആന്റീജൻ പരിശോധനയിൽ പങ്കെടുത്ത 50 പേരും നെഗറ്റീവായത് ആശ്വാസമായി. പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ശില്പ തോമസ് പറഞ്ഞു.