തിരുവനന്തപുരം: സപ്ലൈകോ ഓണം ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. ഓണാഘോഷത്തിന് ഒരു കുടുംബത്തിനും കൊവിഡ് കാരണം പ്രയാസമുണ്ടാകാതെ നോക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 88 ലക്ഷം കുടുംബങ്ങൾക്കാണ് സിവിൽ സപ്ലൈസിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി പി.തിലോത്തമൻ അദ്ധ്യക്ഷനായിരുന്നു. ഓണത്തിന് ഒന്നരമടങ്ങ് അരിയാണ് ഓരോ കുടുംബത്തിനും നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യ വിൽപന നിർവഹിച്ചു. കൺസ്യൂമർഫെഡ് 1865 വിൽപ കേന്ദ്രങ്ങൾ അരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.രണ്ടായിരത്തോളം ഹോട്ടികോർപ്പ് വിൽപന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വി. എസ് സുനിൽ കുമാർ പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ഓൺലൈനായി പങ്കെടുത്തു.ഗൃഹോപകരണങ്ങൾ ഉൾപ്പടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. ബ്രാന്റഡ് ഉൽപ്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ഓണം ജില്ലാ ഫെയർ 30വരെ പ്രവർത്തിക്കും. താലൂക്ക് ഫെയറുകൾ, ഓണം മാർക്കറ്റുകൾ, ഓണം മിനി ഫെയറുകൾ എന്നിവ 26 മുതൽ 30 വരെ നടത്തും.മേയർ കെ ശ്രീകുമാർ, സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി.കുമാർ, മാനേജിംഗ് ഡയറക്ടർ പി. എം അലി അസ്ഗർ പാഷ എന്നിവർ സംബന്ധിച്ചു.