തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഇന്നലെ തുടങ്ങിയ രണ്ടാം ഘട്ട പരിശോധനയിൽ എട്ടു തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒന്നാം ഘട്ട ആന്റിജൻ പരിശോധനയിൽ നെഗറ്റീവായവരാണ് പുതിയ രോഗികൾ. ഇന്നലെ 34 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതോടെ സെൻട്രൽ ജയിലിലെ ആകെ രോഗികളുടെ എണ്ണം 485 ആയി. ആദ്യഘട്ട പരിശോധനയിൽ 477 പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു. അതേസമയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 14 സെൻട്രൽ ജയിൽ തടവുകാരിൽ 10 പേരെ തിരികെ ജയിലിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. പ്രതിരോധ നടപടികളുടെ ഭാഗമായി കൊവിഡ് നെഗറ്റീവായ 68 സെൻട്രൽ ജയിൽ തടവുകാരെ ജില്ലാ ജയിലിലേക്ക് മാറ്റി. ജില്ലാ ജയിലിനെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സെൻട്രൽ ജയിലുമായി സംയോജിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രണ വിധേയമാകുന്നത് വരെ സെൻട്രൽ ജയിൽ അധികൃതർക്കായിരിക്കും ജില്ലാ ജയിലിന്റെയും ചുമതല.