malayalam-pallikoodam

തിരുവനന്തപുരം: അത്തം മുതൽ പത്തുനാൾ വീട്ടിൽ വിഭവങ്ങളൊരുക്കി ഓണമാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളം പള്ളിക്കൂടത്തിലെ കുട്ടികൾ. കൊവിഡ് കാലം പഠിപ്പിച്ച ഭക്ഷ്യസുരക്ഷാബോധവും പാചക പരിചയവുമായാണ് കുട്ടികളുടെ ഗുരു. പച്ചടി, കിച്ചടി, ഓലൻ, കാളൻ തുടങ്ങി ഓണത്തിന് മലയാളി ഒരുക്കുന്ന സർവ വിഭവങ്ങളും കുഞ്ഞിക്കൈകൾ പാചകം ചെയ്‌ത് മലയാളം പള്ളിക്കൂടത്തിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമിലെത്തിക്കും. പള്ളിക്കൂടത്തിന്റെ യൂട്യൂബ് ചാനലിലൂടെ ഓണവിഭവങ്ങളും ഓണക്കളികളുമടങ്ങുന്ന പ്രത്യേക പരിപാടി അത്തം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിൽ അവതരിപ്പിക്കും. ഏറെക്കാലമായി കാറ്ററിംഗുകാർ കൈയടക്കി വിളമ്പിപ്പോന്നിരുന്ന ഓണവിഭവങ്ങൾ കുഞ്ഞിക്കൈകൾ ഏറ്റെടുക്കുക വഴി കേരളത്തിന്റെ തനത് മണവും ഗുണവുമുള്ള രുചിക്കൂട്ടുകൾ തിരിച്ചുപിടിക്കുകയാണ്. കൊവിഡ് കാലത്തും മലയാളം പള്ളിക്കൂടത്തിൽ ഓൺലൈനായി പാഠ്യപദ്ധതികൾ നടക്കുന്നുണ്ട്. വി. മധുസൂദനൻ നായരുടെ ആമുഖവുമായി കുട്ടികൾക്കായി കെ. ഗീത അവതരിപ്പിച്ചുവരുന്ന മഹാഭാരതകഥ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ പള്ളിക്കൂടം യൂട്യൂബ് ചാനലിലുണ്ട്.