തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് സെക്രട്ടേറിയറ്റിലെ ഉന്നതരുമായുള്ള ബന്ധം കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ആവശ്യപ്പെട്ട ദൃശ്യങ്ങൾ സർക്കാർ ഉടൻ കൈമാറില്ല. 83 കാമറകളിലെ ഒരു വർഷത്തെ ദൃശ്യങ്ങൾ പകർത്താൻ 400 ടി.ബി ശേഷിയുള്ള ഹാർഡ് ഡിസ്ക് ആവശ്യമാണെന്നും ഇത് സംസ്ഥാനത്ത് ലഭ്യമല്ലെന്നും
പൊതുഭരണ വകുപ്പ് പറയുന്നു.
വിദേശത്തുനിന്ന് വരുത്താൻ ചെലവേറും. ജൂലായിലെ പത്തു ദിവസത്തെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തന്നെ സ്വപ്ന ഒന്നിലധികം തവണ നോർത്ത് ബ്ലോക്കിലെത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് ദൃശ്യങ്ങൾ പകർത്തുന്നത് നിറുത്തുകയും ചെയ്തിരുന്നു. ദൃശ്യങ്ങൾ എൻ.ഐ.എയ്ക്ക് സെക്രട്ടേറിയറ്റിലെ സെർവറിൽ നിന്ന് ശേഖരിക്കാമെന്നാണ് പുതിയ നിലപാട്. സെർവർ സുരക്ഷാകാരണങ്ങളാൽ എൻ.ഐ.എയ്ക്ക് കൈമാറാനാവില്ലെന്നും സർക്കാർ പറയുന്നു.
2019 ജൂലായ് ഒന്നുമുതൽ 2020 ജൂലായ് 12വരെയുള്ള ദൃശ്യങ്ങളാണ് എൻ.ഐ.എ ആവശ്യപ്പെട്ടത്.