തിരുവനന്തപുരം: ലക്ഷങ്ങളുടെ തട്ടിപ്പുമായി ജില്ലയിൽ റിയൽ എസ്‌റ്റേറ്റ് മാഫിയാസംഘം വീണ്ടും സജീവമാകുന്നു. കഴക്കൂട്ടം, നാലാഞ്ചിറ, തുമ്പ, ശ്രീകാര്യം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി നൽകാമെന്ന് പറഞ്ഞു പലരിൽ നിന്നായി ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങുന്ന സംഘമാണ് ഇപ്പോൾ സജീവമാകുന്നത്. മാസങ്ങൾക്കു മുമ്പ് പൊലീസ് പിടികൂടിയ സംഘമാണ് പുറത്തിറങ്ങിയ ശേഷം വീണ്ടും തട്ടിപ്പ് നടത്തുന്നത്. ഇതിനെതിരെ പൂന്തുറ സ്വദേശിയായ യുവതി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർക്കും തുമ്പ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏതാനും മാസങ്ങൾക്കുമുമ്പ് ഈ സംഘം നൂറോളം പേരിൽനിന്ന് ഇത്തരത്തിൽ കബിളിപ്പിച്ച് പണം തട്ടി മുങ്ങിയിരുന്നു.1.5 കോടി രൂപയാണ് അന്ന് പലരിൽ നിന്നായി തട്ടിയെടുത്തത്. തട്ടിപ്പിനിരയായ ചിലരുടെ പരാതിയെ തുടർന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പാലക്കാട് സ്വദേശി ഷെരീഫ്, തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി നീതു എന്നിവരെ പിടികൂടിയിരുന്നു. തുടർന്ന് റിമാൻഡിന് ശേഷം ഇവർ ജാമ്യത്തിൽ പോവുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇവർ വീണ്ടും പഴയ തട്ടിപ്പ് പരിപാടികൾ ആരംഭിക്കുകയായിരുന്നു. സംഘത്തിനായി ഊർജിത അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
തട്ടിപ്പ് ഇങ്ങനെ
സ്ഥിരമായ ഓഫീസോ താമസ സ്ഥലമോ ഫോൺ നമ്പരോ ഇല്ല. പല തവണകളായി വിവിധ തരം നമ്പരുകളിൽ നിന്നാണ് ഇവർ വിളിക്കുന്നതെന്നും പരാതിക്കാർ പറയുന്നു. പ്രവാസികളുൾപ്പെടെയുള്ളവർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളിൽ മാർക്കറ്റിൽ ഉള്ളതിനേക്കാൾ കുറഞ്ഞ റേറ്റിന് ഭൂമി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് പലരെയും കബളിപ്പിക്കുന്നത്. മുഖ്യ മാദ്ധ്യമങ്ങളിൽ പരസ്യങ്ങൾ നൽകുകയും അതിൻപ്രകാരം കൊടുത്തിരിക്കുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുമ്പോൾ അവരുമായി കൂടുതൽ അടുപ്പം സ്ഥാപിക്കുകയും പണം തട്ടുകയുമാണ് ഈ സംഘത്തിന്റെ തട്ടിപ്പ് രീതി. പണം വാങ്ങിയശേഷം അടുത്ത ദിവസം എഗ്രിമെന്റ് എഴുതാമെന്നു പറഞ്ഞ് തുക കൈക്കലാക്കി മുങ്ങുകയാണ് പതിവ്. തുടർന്ന് ഇവരെ ബന്ധപ്പെടുമ്പോൾ കിട്ടാറില്ല. പതിനായിരം മുതൽ ലക്ഷങ്ങൾ വരെയാണ് ഇങ്ങനെ ഈ സംഘം പലരിൽ നിന്നായി തട്ടിയെടുത്തിട്ടുള്ളത്.