തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗൺ കാലത്ത് നാഗാലാൻഡിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് കുറ്രമറ്റ സംവിധാനമുണ്ടാക്കിയ മലയാളികളായ രണ്ട് ഉദ്യോഗസ്ഥർക്ക് ഗവർണറുടെ അംഗീകാരം. നാഗാലാൻഡിലെ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും 2014 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനുമായ സി.ഷാനവാസും അസി.ഡയറക്ടർ നല്ലയ്യപ്പനുമാണ് സ്വാതന്ത്ര്യദിനത്തിൽ നാഗാലാൻഡ് ഗവർണർ ആർ.എൻ രവിയിൽ നിന്ന് അംഗീകാരം ലഭിച്ചത്. പാലക്കാട് സ്വദേശി ഷാനവാസിന് ഗവർണറുടെ സ്വർണമെഡലും തിരുവനന്തപുരം സ്വദേശി നല്ലയ്യപ്പനു പ്രശംസാപത്രവുമാണ് ലഭിച്ചത്.
ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളുടെ അപര്യാപ്തതയും ഓൺലൈൻ കമ്യൂണിക്കേഷൻ സംവിധാനത്തിന്റെ അഭാവവും മൂലം ലോക്ക് ഡൗൺ കഴിയുന്നതുവരെ സ്കൂൾ പഠനം വേണ്ടെന്നായിരുന്നു നാഗാലാൻഡ് സർക്കാരിന്റെ ആദ്യ തീരുമാനം. എന്നാൽ ഷാനവാസ് മുൻകൈ എടുത്ത് ഫേസ്ബുക്ക്,യൂ ട്യൂബ്,ജിയോ ടി.വി തുടങ്ങിയവയിലൂടെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയായിരുന്നു. ഇതിനായി അദ്ധ്യാപകരെക്കൊണ്ട് പാഠഭാഗങ്ങളുടെ ഓഡിയോ,വീഡിയോ എന്നിവയും തയ്യാറാക്കി. ദൂരദർശൻ,റേഡിയോ എന്നിവ വഴിയും ക്ലാസെടുത്തു. അഞ്ചുമുതൽ പ്ളസ്ടൂ വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ പെൻഡ്രൈവും വിതരണം ചെയ്തു. ഇതോടെ ഓൺലൈൻ സ്കൂൾ വിദ്യാഭ്യാസത്തിൽ രാജ്യത്തെ തന്നെ മുൻനിരക്കാരായി നാഗാലാൻഡ് മാറി.
ഓൺലൈൻ ഇവാല്യുവേഷൻ പോർട്ടലും തുടങ്ങിയിരുന്നു.