cheating

തിരുവനന്തപുരം: ലക്ഷങ്ങളുടെ തട്ടിപ്പുമായി ജില്ലയിൽ റിയൽ എസ്‌റ്റേറ്റ് മാഫിയാസംഘം വീണ്ടും സജീവമാകുന്നു. കഴക്കൂട്ടം, നാലാഞ്ചിറ, തുമ്പ, ശ്രീകാര്യം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി നൽകാമെന്ന് പറഞ്ഞു പലരിൽ നിന്നായി ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങുന്ന സംഘമാണ് ഇപ്പോൾ സജീവമാകുന്നത്. മാസങ്ങൾക്കു മുമ്പ് പൊലീസ് പിടികൂടിയ സംഘമാണ് പുറത്തിറങ്ങിയ ശേഷം വീണ്ടും തട്ടിപ്പ് നടത്തുന്നത്. ഇതിനെതിരെ പൂന്തുറ സ്വദേശിയായ യുവതി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർക്കും തുമ്പ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏതാനും മാസങ്ങൾക്കുമുമ്പ് ഈ സംഘം നൂറോളം പേരിൽനിന്ന് ഇത്തരത്തിൽ കബിളിപ്പിച്ച് പണം തട്ടി മുങ്ങിയിരുന്നു.1.5 കോടി രൂപയാണ് അന്ന് പലരിൽ നിന്നായി തട്ടിയെടുത്തത്. തട്ടിപ്പിനിരയായ ചിലരുടെ പരാതിയെ തുടർന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പാലക്കാട് സ്വദേശി ഷെരീഫ്, തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി നീതു എന്നിവരെ പിടികൂടിയിരുന്നു. തുടർന്ന് റിമാൻഡിന് ശേഷം ഇവർ ജാമ്യത്തിൽ പോവുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇവർ വീണ്ടും പഴയ തട്ടിപ്പ് പരിപാടികൾ ആരംഭിക്കുകയായിരുന്നു. സംഘത്തിനായി ഊർജിത അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.