thamburu

പാറശാല: ദക്ഷിണ കേരളത്തിൽ നന്തുണിപ്പാട്ട് കേട്ട് ഉണർന്നിരുന്ന ചിങ്ങമാസ പുലരിയും അത്തപ്പൂക്കളങ്ങളും ഓണനിലാവും ഇനി ഓർമ്മകളിൽ മാത്രം. മഹാബലി തമ്പുരാനെ വരവേൽക്കാൻ ഒരുക്കുന്ന അത്തപ്പൂക്കളങ്ങൾക്കുള്ള പൂക്കൾ ഉണരുന്നത് പോലും നന്തുണിപ്പാട്ട് കെട്ടുകൊണ്ടായിരുന്നുവേന്നാണ് പഴമക്കാർ വിശ്വാസിച്ചിരുന്നത്. വീണയുടെ ആകൃതിയിൽ മരത്തിൽ കൊത്തിയെടുത്ത തമ്പുരുവിൽ പൊന്നാരിവള്ളിയാണ് കമ്പിക്ക് പകരം ഉപയോഗിക്കുന്നത്. നെല്ലിനൊപ്പം ആവിയിൽ പുഴുങ്ങി എടുക്കുന്ന വള്ളി തേച്ച് മിനുസപ്പെടുത്തിയ ശേഷമാണ് തമ്പുരുവുമായി യോജിപ്പിക്കുന്നത്. ശബ്ദമാധുര്യം കൂട്ടുവാൻ മുളംതണ്ടിന്റെ ഒരു കഷ്ണവും ഉപയോഗിച്ചാണ് ഗ്രാമീണ തമ്പുരുവിന്റെ രൂപകല്പന. ഈ തമ്പുരുനാദവും "അത്തം തുടങ്ങി പത്തുനാളേയ്ക്ക് തൃക്കാക്കരത്തപ്പനു പൂവിടെണ്ടേ..." എന്നു തുടങ്ങുന്ന വായ്മൊഴി പാട്ടും കൊക്കറ വാദ്യത്തിന്റെ താളവും പിന്തുടരാൻ പിൻതലമുറക്കാർക്ക് കഴിയാതെ പോയത് ഈ കലകളെ വിസ്മൃതിയിലാക്കി. മലയാള ഭാഷ രൂപപ്പെടുന്നതിനു മുമ്പ് ഓലകളിൽ നാരായം കൊണ്ട് എഴുതപ്പെട്ട മലയാഴ്മയാൽ എഴുതപ്പെട്ടതാണ് ഓണപ്പാട്ടുകളിൽ പലതും. ക്ഷേത്രാചാരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവ രൂപം കൊണ്ടത്. ഭദ്രകാളി ക്ഷേത്രങ്ങളിലും ഭഗവതി ക്ഷേത്രങ്ങളിലെയും ഉണർത്ത് പാട്ടുക്കളാണിവ. കുടാതെ ശസ്താംപാട്ടായും, പൂജാപ്പാട്ടായും ഉപയോഗിച്ചു പോന്നു. വടക്കൻ കേരളത്തിൽ നമ്പ്യാൻമാരും മദ്ധ്യകേരളത്തിൽ കുറുപ്പൻമാരും (കല്ലാണ്ടു കുറുപ്പൻ), ദക്ഷിണ കേരളത്തിൽ വാഴ്ത്തി (ദൈവം പാടികൾ) നായർ തുടങ്ങിയവരായിരുന്നു ഈ കലാരൂപത്തിന്റെ അവതാരകർ. മൂന്ന് തലമുറകൾക്ക് മുമ്പ് കുടിപ്പള്ളികൂടം നടത്തിയിരുന്ന കൊച്ചമ്മിണി മുതൽ ഉദിയൻകുളങ്ങര അഴകിക്കോണം കണ്ണം വിളാകത്ത് വീട്ടിൽ റിട്ട. അദ്ധ്യാപകനായ കെ.എസ്.ഗോപാലകൃഷ്ണൻ ആശാൻ വരെ ഈ കല കൈവരിച്ചവരായിരുന്നു. എൺപെത്തെട്ടുകാരനായ ഇദ്ദേഹം 33 വർഷം അദ്ധ്യാപകനായിരിക്കുമ്പോഴും പിതാവായ കൊച്ചുകുഞ്ഞ് പകർന്ന് നൽകിയ കലയെ കൈവെടിയാൻ തയ്യാറായിരുന്നില്ല. ഹരിപ്പാട് പി.കെ.നാരായണൻ നമ്പൂതിരിയുടെ ശിഷ്യൻ കൂടിയായ ഗോപാലകൃഷ്ണൻ ആകാശവാണിയിലൂടെയും ദൂരദർശനിലൂടെയും ഏറെ കാലം നന്തുണിപാട്ടിന്റെ പ്രചാരത്തിനായുള്ള ശ്രമം നടത്തിയിരുന്നു. മഹാവിഷ്ണുവിന്റെ അവതാരങ്ങൾ വാഴ്ത്തി പാടിയാണ് ഓണപ്പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ചിലത് ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ഓണസദ്യയെ കുറിച്ച് പറയുന്ന വാക്കുകൾ ഹസ്യ രൂപത്തിൽ അവതരിപ്പിക്കുന്നതും ശ്രദ്ധേയമാണ്. അത്തം തുടങ്ങിയുള്ള പത്ത് നാളുകളിൽ വീടുകളിൽ എത്തി കുഞ്ഞുങ്ങൾക്കിടയിൽ ഓണത്തപ്പന്റെ കഥപാടിയും മഹാബലി വാണ കള്ളവും ചതിവുമില്ലാത്ത കാലത്തെ കുറിച്ചുള്ള ഗാനങ്ങൾ അവതരിപ്പിച്ചുമാണ് കലാകാരന്മാർ ജനമനസുകളിൽ ഓണത്തിന്റെ ഓർമ്മകൾ നിറച്ച് മടങ്ങിയിരുന്നത്.