ആലുവ: പൊതുകിണറിലേക്ക് മാലിന്യം തള്ളിയതായി പരാതി. കീഴ്മാട് പഞ്ചായത്ത് 17 -ാം വാർഡിൽ എടയപ്പുറത്ത് ഗുരുതേജസ് കവലയിൽ സബ് കനാൽ റോഡിനോട് ചേർന്നുള്ള പൊതുകിണറിലേക്കാണ് രാത്രിയിൽ ചിലർ മരക്കൊപ്പുകളും ചപ്പുചവറുകളും തള്ളിയത്. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന കിണർ നവീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് മാലിന്യം തള്ളിയത്. അടുത്തിടെ കിണറിന്റെ അര ഭിത്തിയോട് ചേർന്ന് നിർമ്മിച്ചിരുന്ന തൂണ് ഇടിഞ്ഞുവീണിരുന്നു. വേനലിലും വറ്റാത്ത കിണർ സംരക്ഷിക്കാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്ന് യുവമോർച്ച പ്രസിഡന്റ് വിനുപ് ചന്ദ്രൻ ആവശ്യപ്പെട്ടു.